
നൂഹ് (ഹരിയാന): സർവ ജാതീയ ഹിന്ദു മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ശോഭയാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. ശോഭയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിയമം ലംഘിച്ച് യാത്ര നടത്താനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിരിക്കുന്നത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമെല്ലാം തിങ്കളാഴ്ച അവധി നൽകിയിരിക്കുകയാണ്. മൊബൈൽ ഇന്‍റർ നെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ നിർത്തിവച്ചു. മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഒരാൾക്കും ജില്ലയിൽ പ്രവേശനം അനുവദിക്കരുതെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. പൊലീസിനെ കൂടാതെ അർധ സൈനിക വിഭാഗങ്ങളെയും സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്.
ജൂലൈ 31 വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കു നേരേ ജനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായതിനെത്തുടർന്നാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ രണ്ടു ഹോം ഗാർഡുകളും ഒരു പുരോഹിതനും അടക്കം ആറു പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, മതപരമായ കാര്യങ്ങൾക്ക് അധികൃതരുടെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് വിഎച്ച്പി ശോഭയാത്രയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്. ആരാധന ക്ഷേത്രങ്ങളിൽ മതിയെന്നും, ആരും യാത്രയിൽ പങ്കെടുക്കരുതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഭക്തജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
പുണ്യമാസമായി കരുതപ്പെടുന്ന ശ്രാവണത്തിലെ അവസാന തിങ്കളാഴ്ച എന്ന നിലയിലാണ് വിഎച്ച്പി ശോഭായാത്ര സംഘടിപ്പിച്ചിരിക്കുന്നത്.