
വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ, ആകാശച്ചുഴിയിലൂടെ പറന്ന് ഇൻഡിഗോ വിമാനം; ഒടുവിൽ സുരക്ഷിതമായി ലാൻഡിങ്
ന്യൂഡൽഹി: ഇന്ത്യൻ വിമാനം അപകടാവസ്ഥയിലായിരുന്നിട്ടും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. ഒടുവിൽ ആകാശച്ചുഴികളെയും കനത്ത ആലിപ്പഴം വീഴ്ചയെയും അതിജീവിച്ച് വിമാനം സുരക്ഷിതമായി ശ്രീനഗറിൽ ലാൻഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയിക്കൊണ്ടിരുന്ന ഇൻഡിഗോ 6 ഇ 2143 നമ്പർ ആകാശച്ചുഴി ഒഴിവാക്കാനായി പാക്കിസ്ഥാനോട് വ്യോമത ഉപയോഗിക്കാൻ അനുവാദം ചോദിച്ചത്.
എന്നാൽ ലാഹോർ എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു. പത്താൻകോട്ടിനു മുകളിൽ വച്ചാണ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അപകടാവസ്ഥയിലായത്. ആലിപ്പഴം വർഷവും ആകാശച്ചുഴിയും മൂലം വിമാനം ആടിയുലഞ്ഞത് ആശങ്കയ്ക്കിടയാക്കി. നിരവധി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വ്യോമ പാത നിഷേധിച്ചതോടെ പ്രതികൂല കാലാവസ്ഥയിലൂടെ വിമാനം ശ്രീനഗറിൽ എത്തി സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്‍റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.