
പീയൂഷ് ഗോയല്‍
(കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി)
ആയിരം വര്‍ഷത്തെ അടിമത്തത്തിനും കീഴടങ്ങലിനും നിര്‍ധനാവസ്ഥയ്ക്കും ശേഷം ഭാരതമാതാവ് ആത്മവിശ്വാസത്തോടെ തിരികെയെത്തുമ്പോള്‍ ഇന്ത്യയുടെ പുരോഗതിയുടെയും സമൃദ്ധിയുടെയും ദീര്‍ഘകാലം നിലനില്‍ക്കുന്ന സുവര്‍ണ കാലഘട്ടത്തെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവപ്പുകോട്ടയിൽ നിന്നു വ്യക്തമാക്കി.
രാജ്യത്തിന്‍റെ ചരിത്രത്തിൽ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ പ്രധാനമന്ത്രിയാണു മോദി. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹം. മതം, പ്രദേശം, ലിംഗഭേദം, ജാതി, പ്രായം, വംശീയ സ്വത്വം എന്നിവ കണക്കിലെടുക്കാതെ ഒമ്പത് വര്‍ഷത്തിലേറെ നീണ്ട അശ്രാന്ത പരിശ്രമത്തിലൂടെ, രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള 140 കോടി ഇന്ത്യക്കാരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും നിര്‍ണായക പുരോഗതി കൈവരുത്തിയതിലൂടെയാണ് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഉടലെടുത്തത്.
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഓരോ നയവും പ്രധാനമന്ത്രിയുടെ "പരിഷ്കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം' എന്ന തത്വം പ്രതിഫലിപ്പിക്കുന്നു; വിശേഷിച്ചും ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ഇതു കരുത്തേകുന്നു. ലോകത്തെ ഏറ്റവും വലിയ പത്താമത്തെ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒമ്പത് വര്‍ഷത്തിനുള്ളില്‍ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചുയരാൻ ഇന്ത്യക്കു കഴിഞ്ഞു. മൂന്നാം സ്ഥാനത്തേക്കുള്ള യാത്രയിലാണ് നാമിപ്പോള്‍.
മികച്ച സാമ്പത്തിക നയങ്ങള്‍, അഴിമതിക്കെതിരായ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം, ഗവണ്മെന്‍റ് ചെലവുകളിലെ ചോര്‍ച്ച തടയല്‍, ഭരണത്തിലെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കല്‍, ഉദാരമായ ക്ഷേമപദ്ധതികള്‍ എന്നിവയാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമായത്.
സ്ത്രീകള്‍ നയിക്കുന്ന വികസനം
സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് രാജ്യത്തിന്‍റെ പരിവര്‍ത്തനത്തിന്‍റെ പ്രധാന ഭാഗം. മറ്റേതൊരു രാജ്യത്തെക്കാളും കൂടുതല്‍ വനിതാ പൈലറ്റുമാര്‍ ഇന്ത്യയിലുണ്ട്. ചാന്ദ്രദൗത്യങ്ങള്‍ പോലുള്ള ഉന്നതസാങ്കേതിക പരിപാടികളിലും അവര്‍ മുന്‍പന്തിയിലാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, കണക്ക് എന്നിവ പഠിക്കുന്നു എന്നത് അഭിമാനകരമാണ്. ഗ്രാമങ്ങളില്‍ 2 കോടി "ലക്ഷാധിപതിദീദി'മാരെ സൃഷ്ടിക്കാനും ഡ്രോണുകളുടെ പ്രവര്‍ത്തനത്തിലും അറ്റകുറ്റപ്പണികളിലും സ്ത്രീകളെ ഉള്‍പ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നു.
ഈ പരിവര്‍ത്തന യാത്രയില്‍, കേന്ദ്ര ഗവണ്മെന്‍റ് പാവപ്പെട്ടവരെ ഭക്ഷണത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനുമായുള്ള ദീര്‍ഘകാല പോരാട്ടത്തിന് അറുതിവരുത്തുകയാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഏകദേശം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം, റേഷന്‍ കാര്‍ഡുകളുടെ രാജ്യവ്യാപക സാധുത, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്ന ശൗചാലയങ്ങള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, പാചക വാതകം, നല്ല റോഡുകള്‍, ആരോഗ്യ പരിരക്ഷ, മിതമായ നിരക്കില്‍ ഇന്‍റര്‍നെറ്റ് എന്നിവ ലഭ്യമാക്കി. ഏവര്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനും എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, അതല്ലെങ്കില്‍ മുന്‍ ഗവണ്മെന്‍റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മോദി ഗവണ്മെന്‍റ് വളരെ മികച്ച രീതിയില്‍ പണപ്പെരുപ്പം കൈകാര്യം ചെയ്തിട്ടുണ്ട്. പണപ്പെരുപ്പത്തിന്‍റെ ഭാരം രാജ്യത്തെ ജനങ്ങളുടെ മേല്‍ വരാതിരിക്കാനുള്ള നടപടികളും ഗവണ്മെന്‍റ് കൈക്കൊള്ളുന്നു. 2021 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനും മധ്യവര്‍ഗമായി മാറാനും കേന്ദ്ര നയങ്ങള്‍ സഹായിച്ചു.
സഹസ്രാബ്ദങ്ങള്‍ നീണ്ട ദുരവസ്ഥയ്ക്കുശേഷം, പുതിയ ഇന്ത്യ പ്രതീക്ഷയുടെയും വികസനമോഹങ്ങളുടെയും കേന്ദ്രമായി ഉയര്‍ന്നുവരികയാണ്. വര്‍ധിച്ചുവരുന്ന യുവശക്തി, സ്ത്രീശക്തി, കഠിനാധ്വാനികളായ തൊഴിലാളികളും കര്‍ഷകരും, കഴിവുറ്റ കരകൗശല വിദഗ്ധരും നെയ്ത്തുകാരും, ആഗോള തരംഗങ്ങള്‍ സൃഷ്ടിക്കുന്ന സമ്പന്നമായ സാംസ്കാരിക പാരമ്പര്യം എന്നിവയാല്‍ രാജ്യം അനുഗൃഹീതമാണ്.
രാജ്യത്തെ വികസനത്വരയുള്ള യുവാക്കള്‍ ആവശ്യകതയും സംരംഭകത്വ ഊര്‍ജവും സൃഷ്ടിക്കുന്നു. ജനങ്ങള്‍ക്ക് പാര്‍പ്പിടവും ആരോഗ്യപരിരക്ഷയും ഭക്ഷണവും ഗവണ്മെന്‍റ് ഒരുക്കുമ്പോള്‍ കോടിക്കണക്കിനു പേര്‍ ദാരിദ്ര്യത്തിന്‍റെ ചങ്ങലകള്‍ ഭേദിച്ചെറിയുകയാണ്. അതിലൂടെ വിവിധ ഉത്പന്നങ്ങളുടെ ആവശ്യകത ഉയരുന്നു. ഇത് നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള യുവതീയുവാക്കള്‍ക്ക് ഇതു പ്രോത്സാഹനമേകുന്നു. ഇതിലൂടെ തൊഴിലന്വേഷകര്‍ തൊഴില്‍ ദാതാക്കളായി മാറുന്നു. മുദ്ര വായ്പ പദ്ധതി പ്രകാരം 8 കോടി പുതിയ സംരംഭകരെ സൃഷ്ടിക്കാന്‍ 23 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഇവരില്‍ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീ സംരംഭകരാണ്. 51 ശതമാനം ഗുണഭോക്താക്കളും എസ്‌സി/എസ്ടി അല്ലെങ്കില്‍ ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
140 കോടി ജനങ്ങളുടെ കരുത്തിലും വികസനമോഹങ്ങളിലും അധിഷ്ഠിതമായ ഇന്ത്യയുടെ പരിവര്‍ത്തനം ഇന്ന് ലോകത്തിനു ദൃശ്യമാണ്. മഹാമാരിയും യുക്രൈന്‍ പ്രതിസന്ധിയും നല്‍കിയ ഇരട്ട ആഘാതങ്ങള്‍ക്കിടയിലും പ്രക്ഷുബ്ധമായ ലോകത്ത് തിളക്കമാര്‍ന്ന ഇടമായി ഇന്ത്യ ഇന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നു.
പരിഭ്രാന്തിയിലായ പ്രതിപക്ഷം
പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന അമൃതകാലത്തെ ശുഭാപ്തിവിശ്വാസത്തിന്‍റെ ഈ ഘട്ടത്തില്‍ ചിലര്‍ പരിഭ്രാന്തരാണ്. അഴിമതി, കുടുംബവാഴ്ച രാഷ്ട്രീയം, പ്രീണനം എന്നീ മൂന്ന് തെറ്റുകളെ ചെറുക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ അവര്‍ അസ്വസ്ഥരാണ്.
ഫലപ്രദമായ നിയമ നിര്‍വഹണം, സാങ്കേതികവിദ്യയുടെ ഉപയോഗം, ജനങ്ങളെ ദ്രോഹിക്കാനും കൈക്കൂലി വാങ്ങാനും ദുരുപയോഗം ചെയ്ത പുരാതന നിയമങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെ അഴിമതി തുടച്ചുനീക്കാന്‍ ഗവണ്മെന്‍റ് നിരവധി മുന്‍കൈകള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പ്രീണന നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗവണ്മെന്‍റ് സംരംഭങ്ങള്‍ എല്ലാ പൗരന്മാരെയും തുല്യരായി പരിഗണിക്കുന്നുവെന്നു പ്രധാനമന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്.
കുടുംബവാഴ്ചയുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി കൃത്യമായി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. യോഗ്യത കണക്കിലെടുക്കാതെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ രാഷ്ട്രീയ കക്ഷിയുടെ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുന്നത്. അര്‍ഹതയുള്ള പാര്‍ട്ടി അംഗത്തിന് ഉയര്‍ന്നുവരാന്‍ അവസരം ലഭിക്കുന്നില്ല.
അത്തരത്തിലുള്ള കക്ഷി ഒരു കൂട്ടുകക്ഷി ഗവണ്മെന്‍റിനെ നയിച്ചപ്പോള്‍, ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുപണം ഉള്‍പ്പെടുന്ന അഴിമതികള്‍ പതിവായി. കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ ഇതു നിര്‍ബന്ധിതമാണെന്ന് ഒരിക്കല്‍ അതിന്‍റെ പ്രധാനമന്ത്രി പറഞ്ഞു. ഒരു പ്രധാനമന്ത്രിക്ക് സത്യസന്ധമായ ഭരണം നല്‍കാന്‍ കഴിയാത്തതിനെക്കാള്‍ ദൗര്‍ഭാഗ്യകരമായ സാഹചര്യം വേറെയില്ല. കാരണം അദ്ദേഹം സഖ്യം കേടുകൂടാതെ നിലനിര്‍ത്തേണ്ടതുണ്ട്. ഉത്തരവാദിത്വമില്ലാതെ അധികാരം നല്‍കുന്ന സംവിധാനമാണ് പാര്‍ട്ടിയെ നയിക്കുന്ന കുടുംബം രൂപപ്പെടുത്തിയത്.
നേരേമറിച്ച്, പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം, ഭരണം എന്നത് സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹം എന്നിവയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, "കുടുംബം' എന്നാല്‍ ഇന്ത്യയിലെ 140 കോടി വരുന്ന ജനതയാണ്. അത് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമതയുള്ളതും ജനസമ്മതിയുള്ളതുമായ പ്രധാന സേവകനാക്കുന്നു.