
ഇൻഡോർ: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്നു മധ്യപ്രദേശിൽ മുൻ എംപിയും എംഎൽഎയുമായ പ്രേംചന്ദ് ഗുഡ്ഡു സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പിന്നിട്ടതോടെ സമവായ സാധ്യതകളുമടഞ്ഞു. രത്ലം ജില്ലയിലെ അലോട്ട് അസംബ്ലി മണ്ഡലത്തിലാണു ഗുഡ്ഡു മത്സരിക്കുന്നത്. പട്ടികജാതി സംവരണമണ്ഡലമാണിത്.
കോൺഗ്രസിലെ മനോജ് ചാവ്ലയും ബിജെപിയുടെ ചിന്താമണി മാളവ്യയും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ ഗുഡ്ഡു കോൺഗ്രസിൽ നിന്നു രാജിവച്ചു. പിസിസി അധ്യക്ഷൻ കമൽനാഥും മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങും മക്കളെയും സ്വന്തം അനുയായികളെയും മുന്നിൽ കൊണ്ടുവരുന്നതിൽ മാത്രമാണു ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം.