
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതിയ വസതിയിലേക്കു മാറുന്നു. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവാകും ഇനി രാഹുലിന്‍റെ ഔദ്യോഗിക വസതി. അമ്പത്തഞ്ചാം ജന്മദിനമായിരുന്ന വ്യാഴാഴ്ച രാഹുൽ പുതിയ വീട്ടിലേക്കു താമസം മാറാനുള്ള തീരുമാനമെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രാഹുൽ തന്‍റെ വസ്ത്രങ്ങളും പുസ്തകങ്ങളുമടക്കം സാമഗ്രികൾ ഇവിടേക്ക് മാറ്റിത്തുടങ്ങി. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പുതിയ വീട്ടിൽ നിന്നാകും രാഹുൽ സഭയിലെത്തുക. ജൂലൈ 21നാണ് വർഷകാല സമ്മേളനം തുടങ്ങുന്നത്. ലോക്സഭാംഗമായശേഷം തുഗ്ലക്ക് ലെയ്‌നിലെ പന്ത്രണ്ടാം നമ്പർ വസതിയിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്.
എന്നാൽ, 2023ൽ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഈ വസതി ഒഴിയേണ്ടിവന്നു. അമ്മ സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കായിരുന്നു അന്നു രാഹുൽ മാറിയത്. അപകീർത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യപ്പെടുകയും അയോഗ്യത നീങ്ങുകയും ചെയ്തെങ്കിലും സോണിയയ്ക്കൊപ്പം തന്നെ തുടരുകയായിരുന്നു രാഹുൽ.
2024 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവായതോടെ ക്യാബിനറ്റ് റാങ്ക് ലഭ്യമായ രാഹുലിന് ടൈപ്പ് എട്ട് വിഭാഗത്തിലുള്ള വസതിക്ക് അർഹതയായിരുന്നു. ഇതുപ്രകാരം അനുവദിച്ചതാണ് സുനേരി ബാഗ് റോഡിലെ വസതി. 2021-24ൽ കേന്ദ്ര സാമൂഹിക നീതി സഹമന്ത്രിയായിരുന്ന കർണാടകയിലെ ബിജെപി നേതാവ് എ. നാരായണസ്വാമിയാണ് ഇവിടെ മുൻപ് താമസിച്ചിരുന്നത്.