
ന്യൂഡൽഹി: ലോക്സഭാ അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധം നിലനിൽക്കെ, പ്രധാനമന്ത്രിയോട് വീണ്ടും ചോദ്യം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൽഐസിയുടെയും എസ്ബിഐയുടെയും ഇപിഎഫ്ഒയുടെയും പണം അദാനി കമ്പനികളിലേക്ക് നിക്ഷേപിച്ചതിൽ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും പ്രധാനമന്ത്രി എന്തിനാണ് ഇത്രയം ഭയക്കുന്നതെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
'മോദാനി' വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്‍റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്. ഇതിൽ അരന്വേഷണവും ഇല്ല, മറുപടിയും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മോദി-അദാനി ബന്ധം ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്കു നേരെ ബിജെപി നീക്കം തുടങ്ങിയതെന്ന് കഴിഞ്ഞ വാർത്തസമ്മേളനത്തിൽ രാഹുൽ ആരോപിച്ചിരുന്നു. അദാനി വിഷയത്തിൽ തന്‍റെ അടുത്ത പ്രസംഗത്തെ ഭയപ്പെട്ടതുകൊണ്ടാണ് ലോക്സഭാ അംഗത്വം അയോഗ്യമാക്കിയതെന്നും രാഹുൽ പറഞ്ഞു.