
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്നും അതിനു നേർക്കുള്ള ആക്രമമാണിതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന നിർദേശം നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു. കോൺഗ്രസ് ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയെ അംഗമായി ഉൾപ്പെടുത്തിയിരുന്നെങ്കിലും സമിതിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിലടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതു വഴി പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.