തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ഞായറാഴ്ച പുലർ‌ച്ചയോടെയാണ് അപകടമുണ്ടായത്
Rajadhani express fire

രാജധാനി എക്പ്രസിന് തീപിടിച്ചപ്പോൾ.

Updated on

ന്യൂഡല്‍ഹി: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ രത്‌ലാമിലാണ് അപകടം. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. 68 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കോച്ചില്‍ നിന്ന് 15 മിനിറ്റിനുള്ളില്‍ എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന 12431 നമ്പര്‍ ട്രെയിനിന്‍റെ ബി-1 കോച്ചില്‍ പുലര്‍ച്ചെ 5.15 ഓടെയാണ് തീപിടിത്തമുണ്ടായത്. കമ്പാര്‍ട്ടുമെന്‍റില്‍ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത് ട്രെയിന്‍ ഗാര്‍ഡ് ആണ്. ഉടന്‍ തന്നെ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ ഓവര്‍ഹെഡ് വൈദ്യുതി വിതരണം നിര്‍ത്തിവച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബി-1 കോച്ചിന് പിന്നില്‍ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാര്‍ഡ് വാനിലേക്കും തീ പടര്‍ന്നിരുന്നു.

തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അഗ്നിക്കിരയായ കോച്ചും കേടായ ലഗേജ്-കം-ഗാര്‍ഡ് വാനും ട്രെയിന്‍ റേക്കില്‍ നിന്ന് വേര്‍പെടുത്തി. പിന്നീട് രാവിലെ 9.45 ഓടെ ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ട റെയില്‍വേ ഡിവിഷനു കീഴിലുള്ള വിക്രംഗഡ് അലോട്ട്- ലുനിറിച്ച സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നതെന്ന് രത്‌ലം ഡിവിഷന്‍ പിആര്‍ഒ മുകേഷ് കുമാര്‍ പറഞ്ഞു.

സംഭവം ഡല്‍ഹി-മുംബൈ റെയില്‍ പാതയിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. കുറഞ്ഞത് ആറ് ട്രെയിനുകളുടെ ഷെഡ്യൂളുകളെങ്കിലും തടസപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടതായും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളമുള്ള ട്രെയിന്‍ കോച്ചുകളിലെ അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും രാജ്യവ്യാപകമായ ഓഡിറ്റും ഇതോടൊപ്പം നടത്താന്‍ ഉത്തരവിട്ടു.

logo
Metro Vaartha
www.metrovaartha.com