
ശാരദ സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; 2 ജീവനക്കാർ അറസ്റ്റിൽ
ലഖ്നൗ: ഉത്തർ പ്രദേശിലെ ശാരദ സർവകലാശാലയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് രണ്ടാം വർഷ ബിഡിഎസ് വിദ്യാർഥി ജ്യോതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.
അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്. സർവകലാശാല ഡെന്‍റൽ ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകർ വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് കത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. സമീപ ദിവസങ്ങളിൽ ജ്യോതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2 ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സർവകലാശാല മാനേജ്‌മെന്‍റിലെ രണ്ട് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിന് പിന്നാലെ ശാരദ സർവകലാശാല മാനേജുമെന്‍റിനെതിരേ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.