
ന്യൂഡൽഹി: ചരിത്ര സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിങ്ങൾ എന്തിനാണ് ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത്, രാജ്യം കത്തണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഒരു സമൂഹത്തിനു നേരെയാണ് ഹർജി വിരൽ ചൂണ്ടുന്നത്. എന്ത് ക്രൂരതയാണിതെന്നും ചോദിച്ച കോടതി ഇതുകൊണ്ട് നിങ്ങൾക്ക് എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
മതം ഒരാളുടെ മൗലീകാവകാശമാണ്. മതങ്ങൾ എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. നിങ്ങൾ കേരളത്തിലേക്കു വരൂ, അവിടെ പള്ളികൾ പണിയാൻ സ്ഥലം നൽകിയത് ഹിന്ദു രാജാക്കന്മാരാണെന്നു കാണാം. അതാണ് ഇന്ത്യയുടെ ചരിത്രം. കോടതിയുടെ നിലപാട് ശരിയായിരുന്നെന്ന് ഹർജിക്കാരന് പിന്നീട് മനസിലാവുമെന്നും ജസ്റ്റിസായ കെ എം ജോസഫ് അഭിപ്രായപ്പെട്ടു.
ഹിന്ദുത്വം ഒരു ജീവിത ശൈലിയാണ്. അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വാംശീകരിക്കുന്നതും നമുക്കെല്ലാം ഒന്നിച്ച് ജീവിക്കാൻ കഴിയുന്നതും. ബ്രിട്ടീഷുകാർ വന്ന് ഭിന്നിപ്പിച്ചു ഭരിച്ച് നമ്മുടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി. അത് വീണ്ടും ഉണ്ടാകാതെയിരിക്കട്ടെ എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.