
ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന തൃണമൂൽ എംപി മഹുവ മൊയ്ത്രയുടെ ലോക്സഭാ ഐഡിയിൽ ദുബായിൽ നിന്ന് ലോഗിൻ ചെയ്തത് 47 തവണയെന്ന് ആരോപണം. ആരോപണത്തിൽ മഹുവ വ്യാഴാഴ്ച എത്തിക്സ് കമ്മിറ്റിക്കു മുൻപിൽ ഹാജരാകുന്നതിനു മുൻപേയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബേയാണ് മഹുവയ്ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദർശൻ ഹിരാനന്ദാനി എന്ന വ്യാപാരിയിൽ നിന്ന് പണവും മറ്റു ഉപഹാരങ്ങളും കൈപ്പറ്റിയാണ് മഹുവ പാർലമെന്‍റിൽ മോദിക്കെതിരേ ചോദ്യം ഉന്നയിച്ചിരുന്നതെന്നാണ് ദുബേയുടെ ആരോപണം.
ചോദ്യങ്ങൾ തയാറാക്കുന്നതിനായി ഹിരാനന്ദാനിക്ക് തന്‍റെ ലോക്സഭാ ഐഡി പാസ് വേഡ് കൈമാറിയിരുന്നതായി മഹുവ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിനു വേണ്ടി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ പറയുന്നു. മഹുവ ഇന്ത്യയിലായിരുന്ന സമയത്ത് ദുബായിൽ നിന്ന് 47 തവണ മഹുവയുടെ ലോക് സഭാ ഐഡിയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്നാണ് പുതിയ ആരോപണം. അങ്ങനെയെങ്കിൽ രാജ്യത്തെ മുഴുവൻ എംപിമാരും മഹുവയുടെ അഴിമതിക്കെതിരേ നിൽക്കണമെന്ന് ദുബേ പറയുന്നു.
പാർലമെന്‍ററി എത്തിക്സ് കമ്മിറ്റിക്കു മുൻപിൽ ഹിരാനന്ദാനി ഇക്കാര്യം സമ്മതിച്ചു കൊണ്ടുള്ള സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നാണ് ദുബേ അവകാശപ്പെടുന്നത്.