
ന്യൂഡൽഹി: യുക്രൈൻ യുദ്ധം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജി 20 ഉച്ചകോടി. ഇത് അക്രമത്തിന്‍റെയും യുദ്ധത്തിന്‍റെ കാലഘട്ടമല്ലെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുമാണ് സംയുക്തപ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. രാജ്യാന്തര നിയമത്തിന്‍റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായി പരിഹാരം കാണണം. വിഷയത്തിൽ യുഎൻ ചാർട്ടർ പ്രകാരം പരിഹാരം കാണണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പ്രസ്താവനയിൽ റഷ്യയെ ശക്തമായി അപലപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഒരു രാജ്യത്തിന്‍റെയും പരമാധികാരത്തിലേക്ക് കടന്നുകയറാൻ പാടില്ല. ആണവായുധ ഭീഷണി അംഗീകരിക്കാനാകില്ല. കൊവിഡിനു ശേഷമുള്ള ദുരിതം യുക്രൈൻ യുദ്ധത്തോടെ വർധിച്ചുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളിൽ പല രാജ്യങ്ങൾക്കും അഭിപ്രായ ഭിന്നത ഉള്ളതിനാൽ സംയുക്ത പ്രസ്താവന സാധ്യമാകുമോ എന്നതിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അധിനിവേശത്തെ അപലപിച്ചു കൊണ്ട് ഇന്ത്യ തയാറാക്കിയ പ്രമേയം പുറത്തിറക്കാൻ മറ്റു രാഷ്ട്രങ്ങൾ തയാറായത് ഇന്ത്യക്ക് നേട്ടമായി.