ഉത്തരാഖണ്ഡിൽ ഏക സിവിൽ നിയമത്തിന് കരടായി

ബഹുഭാര്യാത്വം നിരോധിക്കും, പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം ഉറപ്പാക്കും.
Pushkar Singh Dhami, Uttarakhand Chief Minister
Pushkar Singh Dhami, Uttarakhand Chief Minister

ന്യൂഡല്‍ഹി: ബഹുഭാര്യാത്വം നിരോധിക്കാനും ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉറപ്പാക്കാനുമുള്ള ശുപാർശയുമായി ഉത്തരഖണ്ഡിലെ ഏക സിവിൽ നിയമത്തിന്‍റെ കരട്. ലിവ് ഇൻ പങ്കാളികൾക്ക് ബന്ധം രജിസ്റ്റർ ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ കരട് ദീപാവലിക്കുശേഷം ഉത്തരാഖണ്ഡ് നിയമസഭ പ്രത്യേക സമ്മേളനം ചേർന്നു പരിഗണിച്ചേക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്താകെ ഏക സിവിൽ നിയമം കൊണ്ടുവരുന്നത് സജീവ ചർച്ചയായിരിക്കെയാണു ഉത്തരഖണ്ഡിലെ ബിജെപി സർക്കാരിന്‍റെ നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി അഥവാ ഏക സിവിൽ കോഡ്. പുതിയ സർക്കാർ രൂപീകരിച്ചയുടൻ കരട് തയാറാക്കാൻ മുഖ്യമന്ത്രി ‌പുഷ്‌കര്‍ സിങ് ധാമി പ്രത്യേക സമിതി രൂപീകരിക്കുകയായിരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ, ദായക്രമം തുടങ്ങിയ വിഷയങ്ങളിൽ മതഭേദമില്ലാതെ ഒരേ നിയമം നടപ്പാക്കാനാണ് യുസിസി.

സംസ്ഥാനത്ത് വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവരും ഗോത്ര വിഭാഗങ്ങളുമടക്കം 2.33 ലക്ഷം പേരുമായി സംസാരിച്ചാണു കരട് തയാറാക്കിയതെന്നു സമിതി.

അതേസമയം, പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 വയസായി തുടരും. വ്യത്യസ്ത വിഭാഗങ്ങളുടെ പരമ്പരാഗത വിവാഹ ആചാരങ്ങളെ നിയമം ബാധിക്കില്ല. ഉത്തരഖണ്ഡിലെ നിയമത്തിന്‍റെ മാതൃക പിന്തുടർന്ന് രാജ്യത്താകെ ഒരേ വ്യക്തിനിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ഇതിന്‍റെ കരട് അവതരിപ്പിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com