
ക്യാരറ്റ് തിന്നുന്നതിനിടെ മുഖത്തേക്ക് ഫ്ലാഷ് അടിച്ചു; ക്യാമറാമാനെ ഓടിച്ച് കാട്ടാന, രക്ഷപെട്ടത് തലനാരിഴയ്ക്ക്|Video
ബന്ദിപ്പുർ: ക്ലോസ് അപ് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ക്യാമറാമാനെ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിച്ച് കാട്ടാന. തലനാരിഴയ്ക്കാണ് ക്യാമറാമാൻ രക്ഷപെട്ടത്. കർണാടകയിലെ ബന്ദിപ്പുർ ടൈഗർ റിസർവിലാണ് സംഭവം. റോഡിലൂടെ കടന്നു പോയ ട്രക്കിൽ നിന്നെടുത്ത ക്യാരറ്റ് സമാധാനത്തോടെ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ആന. റോഡിന് ഇരുവശവും വാഹനങ്ങൾ ഉണ്ടായിരുന്നു. ആനയെ പ്രകോപിപ്പിക്കാതെ കടന്നു പോകാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാർ. അതിനിടെയാണ് ക്യാമറയുമായെത്തിയ ഒരാൾ ആനയുടെ നേരെ എതിരേയുള്ള കുറ്റിക്കാട്ടിൽ നിന്ന് ഫ്ളാഷ് അടിച്ചത്.
പെട്ടെന്നുള്ള വെളിച്ചത്തിൽ ഭയന്ന ആന ഉടൻ തന്നെ ക്യാമറാമാനു പുറകേ ഓടുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ക്യാമറാമാൻ അധികം വൈകാതെ റോഡിൽ വീണു.
പക്ഷേ ആന കൂടുതൽ ആക്രമണത്തിന് മുതിരാതെ പിന്തിരിയുകയായിരുന്നു. കാട്ടു വഴികളിലൂടെ പോകുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നടക്കാതിരിക്കാനുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് യാത്രക്കാരൻ ആനയെ പ്രകോപിച്ചത്.