
ബംഗളൂരു: എല്ലാ മേഖലകളെയും തകർത്തുന്ന സമീപനമാണ് കോൺഗ്രസിനെന്ന് കർണാടകയിലെ ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ. സർക്കാർ ചത്തതു പോലെയാണെന്നും എല്ലാ മേഖലകളിലും പൂർണ പരാജയമാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിനെ ഈ നിലയിൽ തുടരാൻ അനുവദിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധനയ്ക്കായി കമ്മിക്ഷനെ നിയമിച്ചു. എന്നാൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. മുടന്തൻ ന്യായം നിരത്തി കമ്മിഷന്‍റെ കാലാവധി ദീർഘിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനോ ശമ്പളം കൊടുക്കാനോ സർക്കാരിന്‍റെ കൈവശം പണമില്ല. എസ്സി, എസ്ടി ക്ഷേമത്തിനു നീക്കിവയ്ക്കുന്ന ഫണ്ടും പോലും സർക്കാർ അനുവദിക്കുന്നില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.