ദുബായ്: സന്ദർശകരുടേയും പങ്കാളികളുടെയും എണ്ണത്തിൽ ചരിത്രം സൃഷ്ടിച്ച് മുപ്പതാമത് ഐടിഎസ് കോൺഗ്രസും പ്രദർശനവും വേൾഡ് ട്രേഡ് സെന്‍ററിൽ സമാപിച്ചു. 100 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിലധികം സന്ദർശകരും പങ്കാളികളും പരിപാടിയുടെ ഭാഗമായി.
ഐടിഎസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാന്നിധ്യമാണ് ദുബായിൽ അടയാളപ്പെടുത്തിയത്. 800ലധികം പ്രഭാഷകരും സുസ്ഥിര നയരൂപകർത്താക്കളും പങ്കെടുത്ത 200 ശാസ്ത്രീയ, പ്രഭാഷണ സെഷനുകൾ നടന്നു. 500ഇൽ അധികം പ്രദർശകരും പങ്കെടുത്തു. സമാപന ചടങ്ങിൽ ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ, എർട്ടികോ യൂറോപ് ഡയറക്ടർ ജനറൽ ആഞ്ചലോസ് അംഡിറ്റിസ് എന്നിവർ പങ്കെടുത്തു.
ദുബായി കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായി എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് 30-ാമത് ഐടിഎസ് വേൾഡ് കോൺഗ്രസും പ്രദർശനവും നടന്നത്.
സ്മാർട്ട് ട്രാൻസ്‌പോർട്ടേഷനിലെ ആഗോള വിദഗ്ധർ, അന്താരാഷ്ട്ര ഐടിഎസ് സമൂഹങ്ങളിൽ നിന്നുള്ള പ്രഭാഷകർ, വിവിധ ഏജൻസികളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ, വാഹന നിർമാതാക്കൾ, സേവന ദാതാക്കൾ, ടെലി കമ്മ്യൂണിക്കേഷൻ ദാതാക്കൾ, സൊല്യൂഷൻ ഡെവലപർമാർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ , മന്ത്രാലയ പ്രതിനിധികളും വിദഗ്ധരും അഞ്ച് ദിവസങ്ങളിലായി നടന്ന കോൺഗ്രസിനെ സമ്പന്നമാക്കി.
സമാപന ചടങ്ങിൽ മത്താർ അൽ തായറും ആഞ്ചലോസ് അംഡിറ്റിസും യുഎസിലെ അറ്റ്ലാന്‍റയിൽ നടക്കുന്ന അടുത്ത പതിപ്പിന്‍റെ 'പാസിംഗ് ഓഫ് ഗ്ലോബ്' ചടങ്ങിന് സാക്ഷ്യം വഹിച്ചു. നിരവധി എർടികോ ഉദ്യോഗസ്ഥർക്കും ആതിഥേയ നഗരങ്ങളുടെ പ്രതിനിധികൾക്കുമിടയിലൂടെ ഗ്ലോബ് കടന്നു പോയി. 2025ൽ അറ്റ്‌ലാന്‍റ, 2026ൽ ദക്ഷിണ കൊറിയയിലെ ഗാങ്‌ന്യൂങ്, 2027ൽ യുകെയിലെ ബർമിംഗ്‌ഹാം എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന കോൺഗ്രസിന്‍റെ അടുത്ത മൂന്ന് പതിപ്പുകളെ കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു.
ഐ ടിഎസ് കോൺഗ്രസും പ്രദർശനവും വിജയകരമായി നടത്തിയതിന് സമാപന പ്രസംഗത്തിൽ ആഞ്ചലോസ് അംഡിറ്റി ദുബായിക്കും ദുബായ് ആർടിഎക്കും നന്ദി പറഞ്ഞു. കോൺഗ്രസിന്‍റെ സമാപന പ്രസംഗം നടത്തി.
മൊബിലിറ്റിയുടെയും സ്മാർട്ട് സിസ്റ്റങ്ങളുടെയും മേഖലയിൽ സമഗ്രവും പുരോഗമനാത്മകവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ എല്ലാ പങ്കാളികൾക്കും പ്രചോദനാത്മകമായ അവസരം ഇത് പ്രദാനം ചെയ്തുവെന്ന് അദേഹം പറഞ്ഞു. എർടികോ ഒരു പുതിയ ഏരിയൽ സർവീസ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി അംഡിറ്റിസ് പ്രഖ്യാപിച്ചു.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി ദുബായ് ആതിഥേയത്വം വഹിച്ച ഐടിഎസ് വേൾഡ് കോൺഗ്രസിന്‍റെയും എക്‌സിബിഷന്‍റെയും 30-ാം പതിപ്പ് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ വിജയിച്ചതായി ആർടിഎ കോർപറേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് സപ്പോർട്ട് സെക്ടർ സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.