അബൂദബി: ഭക്ഷ്യനഷ്ടവും ദുരുപയോഗവും തടയാൻ പുതിയ സംരംഭങ്ങളും പദ്ധതികളും പ്രഖ്യാപിച്ച് അബൂദബി അഗ്രികൾച്ചർ ആന്‍റ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ). 'ടുഗെദർ, ബ്‌ളസ്സിങ് ലാസ്റ്റ്' എന്ന അഡാഫ്‌സയുടെ നിലവിലെ കാംപയിനുമായി ചേർന്നാണ് പുതിയ സംരംഭം.
ഭക്ഷ്യദുരുപയോഗം തടയാൻ യുഎഇയിലെ നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനിഷ്യേറ്റിവ് ആയ 'നിഅമ' യുമായുമായി സഹകരിച്ചാണ് അഡാഫ്‌സ പ്രവർത്തിക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ തന്ത്രം 2051നനുസൃതമായി, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുന്നതിനുള്ള മുൻഗണനകൾ വ്യക്തമാക്കി 2022ൽ രണ്ട് സ്ഥാപനങ്ങളും ധാരണാപത്രം ഒപ്പുവച്ചിരുന്നു.
2024 റമദാൻ കാലയളവിൽ അഡാഫ്സയും നിഅമയും ചേർന്ന് ഹോസ്പിറ്റാലിറ്റി വ്യവസായവുമായി സഹകരിച്ച് ഒരു പഠനം നടത്തിയിരുന്നു. അമിത ഉൽപാദനത്തിന്‍റേയും അനാവശ്യ ഉപഭോഗത്തിൻന്‍റേയും ഫലമായി മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ഭക്ഷണം പാഴാക്കുന്നത് 9% കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമായി. റസ്റ്റോറന്‍റുകളിൽ നിന്നും കടകളിൽ നിന്നുമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ കോഴിത്തീറ്റയായി പുനർനിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'നൂതന പൗൾട്രി ഫീഡിംഗ് സൊല്യൂഷൻ' അഡാഫ്‌സ മുൻകൈയെടുത്ത് തുടങ്ങിയിരുന്നു. ഈ സംരംഭം ഭക്ഷ്യ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനൊപ്പം ഭക്ഷണത്തിന്‍റെ ചെലവ് കുറയ്ക്കാനും സഹായിക്കുന്നതാണ്.