സ്വന്തം ലേഖകൻ
അൽ ദഫ്ര: യുഎഇയുടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെന്‍റർ സ്ഥാപിച്ച് മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ്. മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ കേന്ദ്രം അൽ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധി കോടതി അണ്ടർ സെക്രട്ടറി നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു.
അബുദാബിയിലെ ബുർജീൽ ഹോൾഡിങ്സിന്‍റെ നാലാമത്തെ ഡേ സർജറി സെന്‍ററാണിത്. അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്ന സെന്‍റർ നൂതന പരിശോധന, ചികിത്സ സംവിധാനങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്ക് ശേഷം ആശുപത്രിവാസം ഒഴിവാക്കി വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര റീജിയൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി; അൽ-ദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹിസ് എക്സലൻസി ഹംദാൻ സെയ്ഫ് അൽ-മൻസൂരി; ബുർജീൽ ഹോൾഡിങ്‌സ് ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുവാനാണ് ഡേ സർജറി സെന്‍ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. 13 സ്പെഷ്യാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്രത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾക്കൊപ്പം, സിടി സ്കാനുകൾ, എക്സ്-റേകൾ, അൾട്രാസൗണ്ട്, ഫിസിയോതെറാപ്പി, പുനരധിവാസം എന്നിവയും ലഭ്യമാണ്. പീഡിയാട്രിക് വാക്സിനേഷനുകൾ, കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോക്രൈനോളജി തുടങ്ങിയ പ്രത്യേക മേഖലകളിൽ ക്രോണിക് ഡിസീസ് മാനേജ്‌മെന്‍റ് സേവനങ്ങളുമുണ്ട്.
ഗ്രൂപ്പിന്‍റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബിഎംസി) കീഴിലുള്ള അഡ്‌നോക്കിന്‍റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും. ബുർജീൽ ഹോൾഡിങ്‌സിന്‍റെ ആരോഗ്യ ബൃഹത്തായ ശൃംഖലയിലൂടെ രോഗികൾക്ക് വിപുലമായ സേവനങ്ങൾ ലഭ്യമാക്കാനാകും.