ഷാർജ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും ഷാർജ അറബിക് ലാംഗ്വേജ് അക്കാദമി സുപ്രീം പ്രസിഡന്‍റുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ജിപിടി 'അറബി ഭാഷാ ചരിത്ര നിഘണ്ടു' പദ്ധതിക്ക് തുടക്കം കുറിച്ചു. ഷാർജ അമെരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ഷെയ്ഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. അമെരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിൽ സംഘടിപ്പിച്ച പ്രഥമ ഷാർജ ഇന്‍റർനാഷണൽ കോൺഫറൻസ് ഓൺ എഐ & ലിംഗ്വിസ്റ്റിക്‌സി(എസ്.ഐ.സി.എ.എൽ)ലാണ് ഈ ഉദ്യമത്തിന്‍റെ ഉദ്ഘാടനം നടന്നത്.
എമിറേറ്റ്‌സ് ഫൗണ്ടേഷൻ ഡിവിഷനായ എമിറേറ്റ്‌സ് സ്കോളർ സെന്‍റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസുമായി (ഇഎസ്സിആർഎസ്) സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ, സാംസ്‌കാരികം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. അറബി ഭാഷയെ പിന്തുണക്കാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആധുനിക സാങ്കേതിക വിദ്യകളും നിർമിത ബുദ്ധിയും പ്രയോജനപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഷാർജ ഭരണാധികാരി സംസാരിച്ചു.
അറബി പദാവലിയുടെ ചരിത്രത്തിനും വേരുകൾക്കുമായി എഐ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വിശ്വസനീയവും ഗുണ നിലവാരവുമുള്ളതുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജിപിടി നിഘണ്ടു പ്രോജക്റ്റിന്‍റെ പ്രഥമ പതിപ്പിനെക്കുറിച്ചുള്ള ഒരു ദൃശ്യാവതരണവും പരിപാടിയുടെ ഭാഗമായി നടത്തിയിരുന്നു.