
ദുബായ്: ആഗോള തലത്തിൽ നഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡുകളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്‍റെ മൂന്നാം പതിപ്പിലെ 10 ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു.
202 രാജ്യങ്ങളില്‍ നിന്നുള്ള 78,000ലധികം നഴ്സുമാരില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് 10 ഫൈനലിസ്റ്റുകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. വിദഗ്ദ്ധരടങ്ങിയ ജൂറി നടത്തിയ സൂക്ഷ്മമായ അവലോകന പ്രക്രിയയിലൂടെയാണ് 10 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
ആര്‍ക്കിമിഡീസ് മൊട്ടാരി (കുഗിറ്റിമോ ഹെല്‍ത്ത് സെന്‍റർ, കെനിയ), ജോണ്‍സി ഇന്നി (ഇമ്മാനുവല്‍ ലൂഥറന്‍ റൂറല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), ലാര്‍ണി കോണ്‍ളു ഫ്‌ളോറന്‍സിയോ (ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍, യുഎസ്എ), ലിലിയന്‍ നുവാബെയ്ന്‍ (അഗ ഖാന്‍ യൂണിവേഴ്‌സിറ്റി ഓഫ് നഴ്‌സിങ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് മിഡ്വൈഫറി, മന്യാങ്വ ബെസ്റ്റ് മെഡിക്കല്‍ സര്‍വീസസ് സെന്‍റർ ലിമിറ്റഡ്, ഉഗാണ്ട), നെല്‍സണ്‍ ബൗട്ടിസ്റ്റ (തവാം ഹോസ്പിറ്റല്‍, യുഎഇ), നിലിമ പ്രദീപ് കുമാര്‍ റാണെ (നഴ്സിങ്ങ് അസോസിയേഷന്‍ പ്രസിഡന്‍റ് - ഗോവ സ്റ്റേറ്റ് ബ്രാഞ്ച്, ഇന്ത്യ), മരിയ വിക്ടോറിയ ജുവാന്‍ (ഫിലിപ്പൈന്‍ ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്‍റ്, ഫിലിപ്പീന്‍സ്), മാര്‍ട്ടിന്‍ ഷിയവേനാറ്റോ (ഗോണ്‍സാഗ യൂണിവേഴ്‌സിറ്റി, യുഎസ്എ), ഹോയി ഷു യിന്‍ (ടാന്‍ ടോക്ക് സെങ് ഹോസ്പിറ്റല്‍, സിംഗപ്പൂര്‍), സില്‍വിയ മേ ഹാംപ്ടണ്‍ (വൂണ്ട് കെയര്‍ കണ്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡ്, ഇംഗ്ലണ്ട്) എന്നിവരാണ് ഫൈനലിലെത്തിയത്.
രോഗികളുടെയും സമൂഹത്തിന്‍റെയും ക്ഷേമത്തിനായി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കപ്പുറവും കര്‍മ്മ നിരതരായി പ്രവര്‍ത്തിക്കുന്ന ഓരോ നഴ്സുമാരും തങ്ങളുടെ മികവ് പ്രകടിപ്പിച്ചവരാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്സുമാരുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം, അവര്‍ക്ക് പ്രതിഫലം നല്‍കി നഴ്സിങ്ങ് രംഗത്തെ റോള്‍ മോഡലുകളായി അവരെ സ്ഥാപിക്കുക എന്നതും കൂടിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്‍റെ ലക്ഷ്യമെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
അവാര്‍ഡിന്‍റെ മൂന്നാം പതിപ്പിലെ വിജയിക്ക് 250,000 ഡോളര്‍ സമ്മാനം ലഭിക്കും. മറ്റ് ഒന്‍പത് ഫൈനലിസ്റ്റുകൾക്കും സമ്മാനങ്ങൾ നൽകും. അന്തിമ പട്ടികയിൽ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നും ഓരോരുത്തർ വീതം ഇടം നേടിയിട്ടുണ്ട്.
ഈ വർഷം ഡിസംബറിൽ ഇന്ത്യയിലെ ബെംഗളൂരുവില്‍ നടക്കുന്ന ഗാല ഇവന്‍റിലാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നുള്ള നഴ്സ് മാര്‍ഗരറ്റ് ഷെപ്പേര്‍ഡാണ് 250,000 ഡോളറിന്‍റെ സമ്മാനം സ്വന്തമാക്കിയത്.