
ആന്‍റണി അൽബനീസ്
അബുദാബി: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളുടെ നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ വിപുലമായ സൈനിക ആക്രമണത്തിനായി പ്രഖ്യാപിച്ച പദ്ധതികളെയും ഓസ്‌ട്രേലിയൻ സർക്കാർ വിമർശിച്ചു. പലസ്തീൻ ഗവൺമെന്‍റിൽ ഹമാസിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ദ്വിരാഷ്ട്ര പദ്ധതിയാണ് ഏറ്റവും മികച്ച പരിഹാരമെന്നും അൽബനീസ് പറഞ്ഞു.
“ഇസ്രായേൽ സർക്കാർ അന്താരാഷ്ട്ര നിയമത്തെ ധിക്കരിക്കുകയും കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് മതിയായ സഹായവും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്യുന്നത് തുടരുന്നു.”- അൽബനീസ് കുറ്റപ്പെടുത്തി. അൽബനീസിന്‍റെ നിലപാടിനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വിമർശിച്ചു.