
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബായ് കെഎംസിസി
ദുബായ്: ദുബായിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നൽകുമെന്ന് ദുബായ് കെ എം സി സി ഭാരവാഹികൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എന്നിവർ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ കെഎംസിസി പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ അംഗീകാരത്തോടെയാണ് കെഎംസിസി ഈ സേവനം ചെയ്തുവരുന്നത്. ഇതിനായി ഒരു അടിയന്തര വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ നിർദേശമനുസരിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സേവനങ്ങളും നൽകുമെന്ന് ഇസ്മായിൽ ഏറാമല അറിയിച്ചു.
ദുബായ് സർക്കാരിന്‍റെ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ദുബായ് കെഎംസിസിക്ക് നിയമപരമായി തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
എല്ലാ മാസവും സൗജന്യ ലീഗൽ അദാലത്ത് ഉൾപ്പെടെ കെഎംസിസി ഓഫീസിൽ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ആക്ടിങ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, ഒ.മൊയ്തു, അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, നാസർ മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു. സേവനങ്ങൾക്ക് 04 2727773 എന്ന നമ്പറിൽ നേരിട്ടും വാട്ട്സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.