ദുബായ്: ദുബായ് എമിറേറ്റിലെ പത്താമത് സാലിക് ടോൾ ഗേറ്റ് അൽ സഫ സൗത്തിൽ സ്ഥാപിച്ചു. ഷെയ്ഖ് സായിദ് റോഡിന്‍റെ ഇരു വശങ്ങളിലായി അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമുൽ ഷരീഫ് സ്ട്രീറ്റിനും ഇടയിലാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിച്ചത്. നവംബർ മാസത്തോടെ ഇത് പ്രവർത്തനക്ഷമമാവുമെന്നാണ് റിപോർട്ട്.
നേരത്തെ അൽ സഫ സൗത്തിലും ബിസിനസ് ബേയിലും പുതിയ സാലിക് ടോൾ ഗേറ്റുകൾ വരുമെന്ന് സാലിക് കമ്പനി സി ഇ ഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞിരുന്നു.പുതിയ ഗേറ്റ് സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.
മംസാർ സൗത്ത്-നോർത്ത് ഗേറ്റുകൾ പോലെ അൽ സഫ സൗത്ത് ഗേറ്റിനെ അൽ സഫ നോർത്ത് ഗേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ ഒരേ ദിശയിലേക്ക് ഇരു ഗേറ്റുകൾ വഴി കടന്നു പോയാൽ ഒരു പ്രാവശ്യം മാത്രമേ ടോൾ നൽകേണ്ടി വരൂ.
കഴിഞ്ഞ വർഷം ടോൾ ഗേറ്റുകൾ വഴി 593 മില്യൺ യാത്രകളാണ് നടന്നത്. ഈ വർഷം ആദ്യ പകുതിയിൽ 238.5 മില്യൺ യാത്രകൾ നടന്നു.കഴിഞ്ഞ വർഷത്തേക്കാൾ 5.6 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്.1.1 ബില്യൺ വരുമാനം നേടാനും സാധിച്ചു.