ദുബായ്: ടാക്സിയിൽ മറന്നുവെച്ച ഒരു മില്യൺ ദിർഹം മൂല്യമുള്ള സാധനങ്ങൾ ഉടമസ്ഥന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പൊലീസ് ആദരിച്ചു. ദുബായ് ടാക്സി കോർപ്പറേഷനിലെ ഈജിപ്ഷ്യൻ സ്വദേശിയായ ഡ്രൈവർ ഹമദാ അബു സയ്ദിനെയാണ് അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മാജിദ് അൽ സുവൈദി പ്രശംസ പത്രം നൽകി ആദരിച്ചത്. അംഗീകാരത്തിന് നന്ദി പറയുന്നുവെന്നും മറന്നുവെച്ച സാധനങ്ങൾ യഥാർഥ ഉടമക്ക് നൽകുന്നത് തന്‍റെ കടമയാണെന്നും ഹമദാ അബു സെയ് ദി പ്രതികരിച്ചു.
സദ് പ്രവർത്തികൾ ചെയ്ത രണ്ട് താമസക്കാരെ ദുബായ് പൊലീസ് കഴിഞ്ഞ മാസം ആദരിച്ചിരുന്നു. യാസിർ ഹയാത്ത് ഖാൻ ഷീർ, നിഷാൻ റായ് ബിജാബ് കുമാർ റേ എന്നിവരെയാണ് സമൂഹത്തിൽ സുരക്ഷിതത്വം വർധിപ്പിക്കാൻ നൽകിയ സംഭാവനകൾ മാനിച്ച് ആദരിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച അഹമ്മദ് എന്ന ചെറുപ്പക്കാരനെയും പൊലീസ് ആദരിച്ചിരുന്നു.