ദുബായ്: ദുരന്ത സാധ്യത കുറയ്ക്കുന്നതിന്‍റെ ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് പൊലീസ് ജനറൽ കമാൻഡ് റെസിലിയൻസ് സെന്‍റർ അന്താരാഷ്ട്ര ദിനം ആചരിച്ചു. കഴിഞ്ഞ ദശാബ്ദത്തിൽ ഉണ്ടായ ദുരന്തങ്ങളിലെ ഇരകളെ കുറിച്ച് അന്താരാഷ്‌ട്ര സമൂഹങ്ങളെയും അവയ്ക്ക് ഉത്തരവാദികളായവരെയും ബോധവത്കരിക്കാനായാണ് ആചരണംനടത്തിയത്.
പ്രകൃതി പ്രതിഭാസങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പല ദുരന്തങ്ങൾക്കുംകാരണം. ഇതുസംബന്ധിച്ച അവബോധ ശ്രമങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കായി മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
ദുരന്തങ്ങളുടെ പട്ടികയിൽ അഗ്നിപർവതങ്ങൾ, ഭൂകമ്പങ്ങൾ, ഹിമപാതങ്ങൾ, സുനാമി, ചുഴലിക്കാറ്റുകൾ തുടങ്ങിയ ഭൗമ ദുരന്തങ്ങളും, പേമാരി, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, തീ, ആഗോള താപനം, പകർച്ചവ്യാധികൾ, ക്ഷാമം തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളും ഉൾപ്പെടുന്നു.
യുവാക്കളെ ശാക്തീകരിക്കുന്നതിലും അപകട സാധ്യതകൾ കുറയ്ക്കുന്നതിലും എല്ലാ മേഖലകളിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ വർഷത്തെ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം പ്രാധാന്യം നൽകുന്നതെന്ന് ദുബായ് പൊലീസിലെ റെസിലിയൻസ് സെന്‍റർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ബുർഗുയിബ പറഞ്ഞു.