ദുബായ്: സാലിക് ടോൾ നിരക്ക് പരിഷ്കരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 4 ദിർഹമാണ് നിരക്ക്. ഈ തോതിൽ നിരക്ക് ഈടാക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ ചലനാത്മകമായ നിരക്ക് നിർണായ രീതി കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് സാലിക് സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് വ്യക്തമാക്കി. തിരക്ക് കൂടുതൽ ഉള്ള സമയങ്ങളിൽ ഉയർന്ന നിരക്ക് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്ക് തീരെ കുറവുള്ള സമയങ്ങളിൽ ടോൾ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് മുൻപ് ഇത് സംബന്ധിച്ച സാമ്പത്തിക അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാലിക്കിന്‍റെ ഐപിഒ പ്രഖ്യാപനത്തിൽ ഇതെക്കുറിച്ച് നേരത്തെ സൂചന നൽകിയിരുന്നു. 'പീക്ക് ടൈം' നിരക്കിന് പുറമെ ചില പ്രത്യേക ലെയ്നുകളിൽ കൂടുതൽ നിരക്ക് ഈടാക്കുന്ന കാര്യവും പരിഗണിക്കുമെന്നും പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.