ഷാർജ: പ്രവാസികളുടെ അമിത യാത്രാ നിരക്ക് വിഷയം ഇന്ത്യന്‍ പാര്‍ലിമെന്‍റിലെ മുഴുവന്‍ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചര്‍ച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. കേന്ദ്ര വ്യോമയാനമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും അതിന് മുന്നോടിയായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും ഷാഫി അറിയിച്ചു. വടകര മണ്ഡലത്തില്‍ നിന്നും ചരിത്രവിജയം നേടിയ ഷാഫി പറമ്പിലിന്, ഷാര്‍ജയില്‍ നല്‍കിയ വന്‍ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
വടകരയിലും തലശേരിയിലും എംപി ഓഫീസ് പ്രവര്‍ത്തിക്കും. പരാതികളും മറ്റും നല്‍കാന്‍ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിന്‍ഡോ തുറക്കുമെന്നും ഷാഫി പറഞ്ഞു. ഇപ്പോഴത്തെ പാര്‍ലിമെന്‍റിലെ പ്രധാന ആകര്‍ഷണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. നാല് പ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ യു-ടേണ്‍ എടുത്തു കഴിഞ്ഞു. ഇത് ശുഭകരമായ പ്രതീക്ഷയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗം അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി ഷാര്‍ജ കോഴിക്കോട് പ്രസിഡന്‍റ് പി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, കെപിസിസി നേതാക്കളായ എന്‍. സുബ്രമണ്യന്‍, കാറ്റാനം ഷാജി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുനില്‍ അസീസ്, ഹാഷിം മുന്നേരി, എ.പി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. വിജയ് തോട്ടത്തില്‍ സ്വാഗതവും ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.