സ്വന്തം ലേഖകൻ
ദുബായ്: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് ( GDRFA - ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ) പുതിയ പദ്ധതി ആരംഭിച്ചു.
'മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം' എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനും അവസരം നൽകും.
ഇതിനായി ജീവനക്കാരുടെ ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള 100 കുട്ടികളെ സംരംഭത്തിൽ ഉൾപ്പെടുത്തി. പ്രധാന ഓഫീസിൽ നിന്ന് വിവിധ സ്ഥലങ്ങളിലെ ഡയറക്ടറേറ്റിന്‍റെ കേന്ദ്രങ്ങളിലേക്ക് പദ്ധതി വിപുലപ്പെടുത്തി. ദുബായ് എയർപോർട്ട് ജിഡിആർഎഫ്എ സെക്ടർ, ഹത്ത ബോർഡ് ക്രോസിങ്ങ്, നിയമ ലംഘകരുടെ ഷെൽട്ടർ സെന്‍റർ, ജബൽ അലി പോർട്ട് എന്നീ സ്ഥലങ്ങളിലെ ഓഫീസുകളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്.
കുട്ടികളിൽ സന്നദ്ധപ്രവർത്തനത്തിന്‍റെ മനോഭാവം വളർത്തുന്നതിന് 'വോളന്‍റിയർ ഹീറോസ്' എന്ന പേരിൽ ശിൽപ്പശാലയും സംഘടിപ്പിച്ചു.
പുതിയ തലമുറയും തൊഴിൽ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.