ജെഎസ്​കെ സെൻസർ വിവാദത്തിൽ മന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി

മന്ത്രി എന്ന നിലയിൽ താൻ ഇ​ടപെട്ടിരുന്നെങ്കിൽ അത്​ അഴിമതിയായി വ്യഖ്യാനിക്കപ്പെടുമായിരുന്നുവെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
I have not intervened in the JSK censor controversy as a minister: Suresh Gopi

ജെഎസ്​കെ സെൻസർ വിവാദത്തിൽ മന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി

Updated on

ദുബായ്: സെൻസർ ബോർഡിന്‍റെ ഇടപെടൽ മൂലം വിവാദത്തിലായ ജാനകി വി VS സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെഎസ്​കെ) എന്ന സിനിമയുടെ റിലീസ്‌ സാധ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രി എന്ന നിലയിലെ ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര സഹ മന്ത്രിയും ചിത്രത്തിലെ നായകനുമായ സുരേഷ് ഗോപി പറഞ്ഞു. എന്നാൽ പൊതു സമൂഹം അറിയാത്ത രീതിയിൽ ഗുണപരമായ ചില ഇടപെടലുകൾ നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. യുഎഇയിൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​.

മന്ത്രി എന്ന നിലയിൽ താൻ ഇ​ടപെട്ടിരുന്നെങ്കിൽ അത്​ അഴിമതിയായി വ്യഖ്യാനിക്കപ്പെടുമായിരുന്നുവെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇതിന് മുൻപും ഒട്ടേറെ ചിത്രങ്ങളിൽ സെൻസർ ബോർഡിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അവർക്ക് ലഭിക്കാത്ത പരിഗണന മന്ത്രി അഭിനയിച്ച സിനിമ എന്ന നിലയിൽ ഈ ചിത്രത്തിന് ലഭിക്കണമെന്ന് ആരും പറയരുതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ സെൻസറിങ്​ വേണമെന്ന്​ തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ്​ വേണ്ടിവരുമെന്നാണ്​ പറഞ്ഞിരുന്നത്​. പക്ഷെ, രണ്ടിടത്ത്​ മാത്രമാണ്​ സെൻസറിങ്​ നടത്തിയത്​. ഇതൊരു പ്രോപഗാന്‍റ് സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2021 ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ ഈ സിനിമയുടെ ആശയവുമായി എന്നെ സമീപിക്കുന്നത്. അന്നെനിക്ക് ഈ സിനിമ ആവശ്യമില്ലായിരുന്നുവെങ്കിലും കഥ വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് സമ്മതിച്ചു. നാലോ അഞ്ചോ തവണ തിരക്കഥ വായിച്ചു. 2022 ഏപ്രിൽ 25ന് ഞാൻ രാജ്യസഭയിൽ നിന്ന് രാജിവയ്ക്കുകയും നവംബർ 7ന് ജെഎസ്കെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.' സുരേഷ് ഗോപി പറഞ്ഞു.

'ഈ സിനിമയിലുള്ള കാര്യങ്ങളെല്ലാം അന്നുമുണ്ട്. സിനിമയുടെയും കഥാപാത്രങ്ങളുടെയും പേര് മാറ്റിയിട്ടില്ല. ചിത്രം പുറത്തിറങ്ങാറായപ്പോൾ മാത്രമാണ് വിവാദമുണ്ടായത്. വിവാദമുണ്ടായപ്പോൾ നിർമാതാക്കളെയും അണിയറപ്രവർത്തകരെയും അറിയിക്കാതെ എന്‍റെ പാർട്ടി നേതാക്കളുമായി ഈ വിഷയം ഉന്നത തലത്തിൽ ചർച്ച ചെയ്തത് തീരുമാനിക്കുന്നതിൽ എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

പബ്ലിസിറ്റിക്ക്​ വേണ്ടിയാണ്​ ഇത്തരമൊരു വിവാദം ഉണ്ടാക്കിയതെന്ന ആരോപണം തെറ്റാണെന്ന്​ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിന്‍റെ തൊട്ടു മുൻപ്​ മാത്രമാണ്​​ ഇത്തരമൊരു വിവാദമുണ്ടായത്​. അത്​ ഒരിക്കലും വിചാരിച്ചതല്ല. സിനിമയുടെ അത്​ പബ്ലിസിറ്റിക്ക്​ ​വേണ്ടിയാണ്​ ഉണ്ടാക്കിയെന്ന്​ പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിലീസായി രണ്ട് ദിവസമേ ആയിട്ടുള്ളു എന്നതിനാൽ പേര് വിവാദം സിനിമയെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ എന്ന് പറയാനുള്ള സമയമായിട്ടില്ലെന്ന് പ്രവീൺ നാരായൺ പറഞ്ഞു. വിവാദമുണ്ടായപ്പോൾ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു പോയി. ഒടുവിൽ വിഷയം കോടതിയിൽ നേരിടാമെന്ന തീരുമാനമെടുത്തു. കോടതിവിധിപ്രകാരം ചിത്രത്തിന്‍റെ പേരിൽ മാറ്റവും വരുത്തി. എന്നിട്ടും ഇതേക്കുറിച്ചുയരുന്ന ചോദ്യങ്ങൾ വേദനയുണ്ടാക്കുന്നുവെന്നും പ്രവീൺ പറഞ്ഞു.

2022 ൽ തിരക്കഥയെഴുതുമ്പോഴും കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകുമ്പോഴും 2025ൽ ഇത്തരമൊരു വിവാദമുണ്ടാകുമെന്ന് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല എന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിലെ നടന്മാരായ മാധവ് സുരേഷ്, അസ്കർ അലി, നിർമാതാവ് ജെ.ഫണീന്ദ്ര കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അനുപമ പരമേശ്വരൻ, യദുകൃഷ്ണൻ, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

പീഡനത്തിനിരയായ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപി അഡ്വ. ഡേവിഡ് ആബേൽ ഡോണോവനായി വേഷമിടുന്നു.

സിനിമ ഗൾഫിലെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോസ്‌മോസ് എന്‍റർടൈൻമെന്‍റസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചത്, സേതുരാമൻ നായർ കാങ്കോൽ സഹനിർമാതാവാണ്. ഫാർസ് ഫിലിംസാണ് സിനിമയുടെ ഗൾഫിലെ വിതരണക്കാർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com