
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഏഴാമത് പഠനോത്സവം
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി , ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർത്ഥികൾ പങ്കെടുത്തു. മലയാളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്‍റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ എന്നിവർ പ്രസംഗിച്ചു.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്‌കുമാർ സ്വാഗതവും മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ നന്ദിയും പറഞ്ഞു. ചാപ്റ്ററിനു കീഴിലുള്ള അൽ ദഫ്‌റ മേഖലയിലെ വിദ്യാർത്ഥികൾ ബദാസായിദ് അസ്പിര ഇൻസ്റ്റിറ്റ്യുട്ടിലും, അബുദാബി മലയാളി സമാജം, ഷാബിയ എന്നീ മേഖലകളിലേത് സമാജത്തിലും, അബുദാബി സിറ്റി മേഖലയിലേത് ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിലും, കേരള സോഷ്യൽ സെന്‍റർ മേഖലയിലേത് കെ. എസ്. സിയിലും പഠനോത്സവത്തിൽ പങ്കെടുത്തു.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി 102 കേന്ദ്രങ്ങളിൽ 2072 വിദ്യാർത്ഥികൾ 116 അധ്യാപകരുടെ കീഴിൽ മലയാളം പഠിക്കുന്നുണ്ട്.