ഷാർജ: തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ (26) ഉറക്കത്തിനിടെ മരിച്ചു. ദുബൈയിൽ കച്ചവടം നടത്തുന്ന എം.ജലീലിന്റെ മകനാണ്.ഷാർജ നബ്ബ മസ്ജിദിനടുത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന ഹൈസം രാവിലെ ഉണരാതായതിനെ തുടർന്ന് മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബൈയിൽ ഖബറടക്കി. നിത്യേനയുള്ള നടത്തവും ശാരീരിക വ്യായാമവും പതിവാക്കുകയും ആഹാരക്രമം കൃത്യമായി പാലിക്കുകയും ചെയ്തിരുന്ന യുവാവിന്റെ പൊടുന്നനെയുണ്ടായ വേർപാട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മാഹി സ്വദേശിനി സഫാന ജലീൽ ആണ് മാതാവ്. സഹോദരൻ നിഫ്താഷ് (ബംഗളുരു), സഹോദരി സിയ (ഷാർജ).