
ദുബായ്: ദുബായ് പ്രീമിയര്‍ പാഡല്‍ പി വണ്‍ ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ആരോഗ്യ-ക്ഷേമ പങ്കാളിയായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ഭാഗമായ മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് മെഡിക്കല്‍ സെന്‍ററുകളും, ആസ്റ്റര്‍ ഫാര്‍മസിയും തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്‍റെ രക്ഷാകര്‍തൃത്വത്തില്‍, ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ്, ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍, യുഎഇ പാഡല്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഗാലോപ് ഗ്ലോബലാണ് പരിപാടി നടത്തുന്നത്.
നവംബര്‍ 3 മുതല്‍ 10 വരെ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് ടൂർണമെന്‍റ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 256 പുരുഷ-വനിതാ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള പരമ്പരയുടെ ഭാഗമാണ് ദുബായ് പ്രീമിയര്‍ പാഡല്‍ പി വണ്‍. പങ്കാളിത്തത്തിന്‍റെ ഭാഗമായി, മെഡ്കെയറും, ആസ്റ്റര്‍ ഫാര്‍മസിയും ടൂര്‍ണമെന്‍റിലുടനീളം സമഗ്രമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ഫിസിയോ റൂം ഒരുക്കും. ദുബായ് പ്രീമിയര്‍ പാഡല്‍ പി വണ്‍ ടൂര്‍ണമെന്‍റിന്‍റെ പങ്കാളികളായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പോലുള്ള പ്രമുഖ സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇ പാഡല്‍ അസോസിയേഷന്‍ (യുഎഇപിഎ) സെക്രട്ടറി ജനറല്‍ സഈദ് മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു.