ദുബായ്: യുഎഇയിലെ പ്രമുഖ സാമൂഹ്യ - സാംസ്‌കാരിക കൂട്ടായ്മയായ ദുബായ് ഓർമയുടെ കേന്ദ്ര പ്രസിഡന്‍റായി ഷിഹാബ് പെരിങ്ങോടിനെയും ജനറൽ സെക്രട്ടറിയായി പ്രദീപ് തോപ്പിലിനെയും കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്തു. അബ്‌ദുൾ അഷ്‌റഫാണ് ട്രഷറർ. ഡോ. നൗഫൽ പട്ടാമ്പി വൈസ് പ്രസിഡന്‍റും ജിജിത അനിൽ, ഇർഫാൻ എന്നിവർ സെക്രട്ടറിമാരും ധനേഷ് ജോയിന്‍റ് ട്രഷററും ആയി 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
അൽബറാഹ അൽസാഹിയ വെഡ്ഡിങ് ഹാളിലെ ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നടന്ന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്‌തു. ഓർമ പ്രസിഡന്‍റ് ഷിജു ബഷീർ അധ്യക്ഷനായി. ലോക കേരള സഭ അംഗം എൻ.കെ. കുഞ്ഞഹമ്മദ്, നോർക്ക ഡയറക്‌ടർ ഒ.വി. മുസ്‌തഫ, കെഎസ്‌സി അബുദാബി ജോയിന്‍റ് സെക്രട്ടറി സരോഷ്, ശക്തി തിയറ്റഴ്സ് വൈസ് പ്രസിഡന്‍റ് അസീസ്, മാസ് ഷാർജ പ്രതിനിധി സുരേഷ് എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമത കുന്നംകുളം സമാഹരിച്ച ഏഴുലക്ഷം രൂപ വേദിയിൽ വച്ച് പി.കെ ബിജുവിന് കൈമാറി. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും സെക്രട്ടറി ബിജു വാസുദേവൻ നന്ദിയും പറഞ്ഞു.