അബുദാബി: യുഎസ് തലസ്ഥാനമായ വാഷിങ്ങ്ടണിലെ കുട്ടികളുടെ ദേശിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇമറാത്തി കുട്ടികളെ കാണാനും ആശ്വസിപ്പിക്കാനും യുഎ ഇ പ്രസിഡന്‍റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തി. ഔദ്യോഗിക സന്ദർശനത്തിനിടെയാണ് കുട്ടികളെ സന്ദർശിക്കാൻ ഷെയ്ഖ് മുഹമ്മദ് സമയം കണ്ടെത്തിയത്.വൈകാരിക മുഹൂർത്തങ്ങൾക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
നിറകണ്ണുകളോടെയാണ് പ്രസിഡന്‍റ കുട്ടികളുമായി സംസാരിച്ചത്. 'ഞാൻ താങ്കളെ ഏറെ ഇഷ്ടപ്പെടുന്നു' എന്ന് ഒരു ഇമറാത്തി ബാലിക പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മകളേ.ഞാനും നിന്നെ ഇഷ്ടപ്പെടുന്നു'എന്ന് ഷെയ്ഖ് മുഹമ്മദ് മറുപടി നൽകി. 'അവർ എന്നെ കരയിപ്പിക്കുന്നുവെന്ന്'അദ്ദേഹം വികാരഭരിതനായി പ്രതികരിക്കുകയും ചെയ്തു. കുട്ടികൾ ഇരുകരങ്ങളും നീട്ടി മുന്നോട്ട് വന്നപ്പോൾ സ്നേഹവായ്പോടെ ഷെയ്ഖ് മുഹമ്മദ് അവരെ ആശ്ലേഷിച്ച് മാറോട് ചേർത്തു. കുട്ടികളുടെ മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു.ലോകത്തെവിടെയായാലും ഇമറാത്തി കുട്ടികളുടെ ആരോഗ്യ പരിരക്ഷക്ക് മുൻഗണന നൽകുമെന്ന് യു എ ഇ പ്രസിഡന്‍റ പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന നയത്തിന് ആശുപത്രി സ്റ്റാഫ് നന്ദി അറിയിച്ചു. ലോകത്ത് കുട്ടികളുടെ ശാസ്ത്രക്രിയകൾക്കായി നിലകൊള്ളുന്ന ഷെയ്ഖ് സായിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക് സർജിക്കൽ ഇന്നവേഷനും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പേസ് മേക്കേഴ്‌സ് ഇന്ന് 40 ഇൽ ഏറെ ശിശുക്കളിൽ ഉപയോഗിക്കുന്നുണ്ട്.ഇവരിൽ 5 പേർ നവജാത ശിശുക്കളാണ്.
ഹൃദയാഘാതം പോലുള്ള രോഗാവസ്ഥകൾ തരണം ചെയ്യുന്നതിന് എ ഐ അധിഷ്ഠിത രോഗനിര്ണയം നടത്തുന്ന കാർഡിയാക് ഇന്റെൻസീവ് കെയർ യൂണിറ്റ് കമാൻഡ് സെന്ററിന്റെ പ്രവർത്തനങ്ങൾ പ്രസിഡന്‍റ ചോദിച്ചറിഞ്ഞു.ഈ കേന്ദത്തിന് കീഴിൽ സർജന്മാരും ശിശുരോഗ വിദഗ്ദ്ധരും അബുദാബിയിലും ഗസ്സയിലെ യു എ ഇ ഫീൽഡ് ആശുപത്രിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഡോക്ടർമാരുമായി വിദൂര കൺസൾട്ടേഷൻ നടത്തുന്നുണ്ട്. ഷെയ്ഖ് സായിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക് സജിക്കൽ ഇന്നവേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിന് യു എ ഇ 150 മില്യൺ ഡോളറിന്റെ ധനസഹായം നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള റിസർച്ച് ആൻഡ് ഇന്നവേഷൻ കോംപ്ലക്സ് നിർമിക്കുന്നതിന് 30 മില്യൺ ഡോളറും നൽകിയിട്ടുണ്ട്.