ദുബായ്: യുഎയിൽ 1818 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതായി മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കണ്ടെത്തി. കമ്പനികൾക്ക് 20000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തിയിട്ടുണ്ട്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
2022 പകുതി മുതൽ ഈ വർഷം സെപ്റ്റംബർ 17 വരെ 2784 പേരെ പൗരന്മാരെന്ന വ്യാജേന നിയമവിരുദ്ധമായ രീതിയിൽ ജോലിക്ക് നിയോഗിച്ചുവെന്നാണ് മന്ത്രാലയം കണ്ടെത്തിയത്.
സ്വദേശിവൽക്കരണ നിയമപ്രകാരമുള്ള ലക്ഷ്യം കൈവരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ കമ്പനികൾ ശ്രമിച്ചുവെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന വ്യക്തികളുടെ 'നഫീസ്' ആനുകൂല്യം പിടിച്ചുവെക്കുമെന്നും അധികൃതർ അറിയിച്ചു. സ്വദേശിവൽക്കരണ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 600590000 എന്ന നമ്പറിൽ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്‍റെ സ്മാർട് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇക്കാര്യം അറിയിക്കാം.