
കടുത്ത വേനലിൽ ആശ്വാസമായി യുഎഇ യിലെ പല ഭാഗങ്ങളിലും മഴ
ദുബായ്: രാജ്യം കടുത്ത ചൂടിലേക്ക് കടക്കുന്നുവെന്ന കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിനിടെ ആശ്വാസമായി യുഎഇ യിലെ പല ഭാഗങ്ങളിലും ശനിയാഴ്ച മഴ പെയ്തു. അബൂദബി അൽ ദഫ്ര മേഖലയിലെ ഔതൈദിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് നേരിയ മഴ പെയ്തു. യുഎഇയിലെ സമ്മിശ്ര കാലാവസ്ഥയുടെ തുടക്കമായാണിത് കാണേണ്ടതെന്ന് എൻസിഎം പറഞ്ഞു.
ശനിയാഴ്ച രാവിലെ 6 മണിക്ക് ഫുജൈറയിലെ അൽ ഹിബൻ പർവതത്തിൽ 24.5° സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. യുഎഇ യിലെ ചില പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ മേഘാവൃത അന്തരീക്ഷം തുടരും. ചാറ്റൽ മഴയും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മേഘാവൃത സാഹചര്യം കൂടുതലായി കാണപ്പെടും. ഉച്ച കഴിഞ്ഞ് തീരദേശ - വടക്കൻ പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും.
ചില ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വടക്കു - കിഴക്ക് മുതൽ വടക്ക് - പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഇത് പരമാവധി മണിക്കൂറിൽ 45 കിലോമീറ്റർ വരെയാവാമെന്നും എൻസിഎം അധികൃതർ വ്യക്തമാക്കി.
മഴ സാധ്യതയുണ്ടെങ്കിലും ചൂട് തുടരുമെന്ന് തന്നെയാണ് കരുതുന്നത്. പൊടിപടലങ്ങൾ മൂലം കാഴ്ച പരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തു പോകുമ്പോൾ മുൻകരുതലുകൾ എടുക്കാനും എൻസിഎം നിർദേശിക്കുന്നു.