ദുബായ്: ദുബായിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി കരാർ ഒപ്പിട്ട് ദുബായ് ആർടിഎ.
വിവിധ മൊബൈൽ ആപ്പുകൾ വഴിയാണ് വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുന്നത്. ഇതോടെ ബസ് പുറപ്പെടുന്ന സമയം, ഓരോ സ്റ്റോപ്പിലൂടെയും കടന്നുപോകുന്ന സമയം, വൈകാനുള്ള സാധ്യത എന്നീ കാര്യങ്ങൾ തത്സമയം ഉപയോക്താക്കൾക്ക് അറിയാനാകും.
അമെരിക്കയിലെ പ്രമുഖ ട്രാൻസിറ്റ് സേവന ദാതാക്കളായ സ്വിഫ്റ്റിലി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഇതിനായി ആർടിഎയുടെ സുഹൈൽ ആപ്പ് ഉൾപ്പെടെയുള്ള യാത്ര ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തും. ഈ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് യാത്ര സമയം ക്രമീകരിക്കാൻ സാധിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സിഇഒ അഹമ്മദ് ബെഹ്‌റോസിയാൻ പറഞ്ഞു.
ദുബായ് ആർടിഎയുമായി സഹകരണം ഫലം കണ്ടുതുടങ്ങിയെന്നും കൃത്യതയുടെ കാര്യത്തിൽ 24 ശതമാനം പുരോഗതി ഉണ്ടായെന്നും സ്വിഫ്റ്റിലി സഹസ്ഥാപകനും സിഇഒയുമായ ജോനാഥൻ സിംകിൻ അഭിപ്രായപ്പെട്ടു.