ദുബായ്: ഇറ്റലിയിലെ മിലാനിൽ നടത്തിയ 75-ാമത് ഇന്‍റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ സാന്നിധ്യമറിയിച്ച് യുഎഇ. ദേശീയ ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ നാഴികക്കല്ലുകളും പ്രധാന പദ്ധതികളും രാജ്യം പ്രദർശിപ്പിച്ചു.
ബഹിരാകാശ സഞ്ചാരികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും നാലായിരത്തിലധികം സന്ദർശകരും യുഎഇ സ്‌പേസ് പവലിയനിലെത്തി. പരിപാടിയുടെ ഭാഗമായി എമിറാത്തി വിദഗ്ധരും സ്ഥാപനങ്ങളും 15 ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും 20ലധികം സെഷനുകൾ സംഘടിപ്പിക്കുകയും യുഎഇയുടെ ബഹിരാകാശ സംരംഭങ്ങളെക്കുറിച്ച് വിശദീകരണങ്ങൾ നൽകുകയും ചെയ്തു.
മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പു വെക്കുന്നതിനും യുഎഇ പ്രതിനിധി സംഘത്തിന് സാധിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിലും ശാസ്ത്ര-സാങ്കേതിക പുരോഗതിയിലും രാജ്യത്തിന്‍റെ ദീർഘകാല ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഇത്തരം അന്തർദേശീയ പ്രദർശനങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് സ്‌പോർട്‌സ് മന്ത്രിയും യുഎഇ സ്‌പേസ് ഏജൻസി ചെയർമാനുമായ ഡോ. അഹ്മദ് ബിൽഹൂൽ അൽ ഫലാസി പറഞ്ഞു.