യുഎഇ: ഗാർഹിക തൊഴിലാളികളും തൊഴിൽ ദാതാക്കളും തമ്മിലുള്ള തർക്കം വേഗത്തിൽ പരിഹരിക്കാൻ പുതിയ നിയമ സംവിധാനം നിലവിൽ വന്നു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതു പ്രകാരം 50,000 ദിർഹമോ അതിൽ താഴെയോ തുകയിൽ തർക്കമുള്ള കേസ് കോടതിയിലേക്ക് വിടാതെ മന്ത്രാലയം നേരിട്ട് പരിഗണിക്കും.
ഇരു കക്ഷികൾക്കും സ്വീകാര്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ കേസ് കോടതിയുടെ പരിഗണക്ക് അയക്കൂ. അപ്പീൽ കോടതിയിലേക്കല്ല പ്രാഥമിക കോടതിയിലേക്കാവും കേസ് കൈമാറുക. തീരുമാനം പ്രഖ്യാപിച്ച് 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ കേസിലെ കക്ഷികൾക്ക് കോടതിയിൽ ഹർജി നൽകാൻ അവസരമുണ്ട്. ഹർജി ഫയൽ ചെയ്തു കഴിഞ്ഞാൽ മന്ത്രാലയ തീരുമാനത്തിന് സാധുത ഉണ്ടാവില്ല.
പുതിയ നിയമത്തിന്‍റെ ഗുണങ്ങൾ
നിയമ വ്യവഹാരത്തിന്‍റ കാലതാമസം ഒഴിവാക്കാനും തർക്കം വേഗത്തിൽ പരിഹരിക്കാനും സാധിക്കും.
ഇരുക്കൂട്ടർക്കും നീതിപൂർവമായ അവസരം ലഭിക്കുന്നു.
മന്ത്രാലയ തീരുമാനം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള അവസരം.