അബുദാബി: സെപ്റ്റംബർ 3 മുതൽ 5 വരെ ഈജിപ്റ്റിലെ അൽ അൽമൈനിൽ സംഘടിപ്പിക്കുന്ന ആദ്യ ഈജിപ്ത് ഇൻ്റർനാഷണൽ എയർ ഷോയിൽ യുഎഇ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം, മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും എയ്‌റോ സ്‌പേസ് മേഖലകളിൽ ഉൽപാദനം, ഡിജിറ്റലൈസേഷൻ, ആഗോളവത്കരണം എന്നിവ ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്നു. ബഹിരാകാശ പര്യവേക്ഷണം, ഉപഗ്രഹ ആശയ വിനിമയം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ സിവിൽ-മിലിട്ടറി ആപ്ലിക്കേഷനുകൾ എന്നിവയിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഈ പ്രദർശനം ബഹിരാകാശ ഏജൻസികൾക്കും ഉപഗ്രഹ ഓപറേറ്റർമാർക്കും മികച്ച അവസരമാണ്.
ലോകോത്തര എയറോബാറ്റിക് ടീമുകളുടെ തെരഞ്ഞെടുത്ത സംഘം അവതരിപ്പിക്കുന്ന പ്രൊഫഷണൽ എയർ ഷോകൾക്കൊപ്പം ഓപൺ എയർ ഡിസ്‌പ്ലേ ഏരിയയിൽ വിശാലമായ വിമാന മോഡലുകൾ പവലിയനിൽ അവതരിപ്പിക്കും. പ്രതിരോധ മന്ത്രാലയത്തിൻ്റെയും തവാസുൻ കൗൺസിലിൻ്റെയും പിന്തുണയോടെ എമിറേറ്റ്സ് ഡിഫൻസ് കമ്പനീസ് കൗൺസിൽ (ഇ.ഡി.സി.സി) സംഘടിപ്പിക്കുന്ന ദേശീയ പവലിയനിൽ യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളായ എഡ്ജ് ഗ്രൂപ്, കാലിഡസ് എയ്‌റോ സ്‌പേസ്, സനദ്, റിമാഹ് ഇൻ്റർനാഷണൽ ഗ്രൂപ് എന്നിവയുടെ നൂതന പ്രതിരോധ സാങ്കേതിക വിദ്യകളും ഉൽപന്നങ്ങളും അവതരിപ്പിക്കും.
ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ നിന്നുള്ള 300 പ്രധാന അന്താരാഷ്ട്ര വിമാനങ്ങളും എയ്‌റോ സ്‌പേസ് നിർമാതാക്കളുമുള്ള പവലിയൻ്റെ പങ്കാളിത്തം വിശാലമായ അന്താരാഷ്ട്ര സാന്നിധ്യത്തിൻ്റെ ഭാഗമാണ്. യു.എ.ഇ നാഷണൽ പവലിയൻ സന്ദർശകർക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പര്യവേക്ഷണം ചെയ്യാനും 50ലധികം യു.എ.ഇ നിർമിത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം നൽകും. അത്യാധുനിക പ്രതിരോധ-വ്യോമയാന വ്യവസായങ്ങളുടെ പ്രാദേശിക-ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണത്. ഈജിപ്തുമായി സാഹോദര്യ ബന്ധം വളർത്തിയെടുക്കുന്നതിലും പ്രതിരോധ മേഖലയിൽ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇയുടെ താൽപര്യം ഇ.ഡി.സി.സി ചെയർപേഴ്സൺ മുനാ അഹമ്മദ് അൽ ജാബർ പ്രകടിപ്പിച്ചു. ഈജിപ്ത് ഇൻ്റർനാഷണൽ എയർ ഷോ 2024ൽ യു.എ.ഇ നാഷണൽ പവലിയൻ്റെ ഭാഗമായതിൽ സനദ് മാനേജിംഗ് ഡയരക്ടറും ഗ്രൂപ് സി.ഇ.ഒയുമായ മൻസൂർ ജനാഹി ആഹ്‌ളാദം അറിയിച്ചു.