

ജറുസലം: ഇസ്രയൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ വസതിയിൽ ശനിയാഴ്ച സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. എന്നാൽ സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടാവാത്തതിനാൽ വൻ അപകടം ഒഴിവായി. ബോംബുകൾ വീടിന്‍റെ മുറ്റത്താണ് പതിച്ചത്. സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രയൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് എക്സിൽ കുറിച്ചു.
ഇതിന് മുൻപ് ഒക്‌ടോബർ 19 നാണ് നെതന്യാഹുവിന്‍റെ വസതിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെൽ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്‍റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിന് വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു.