അനിശ്ചിതത്വം തുടരുന്നു; ആറാം തവണയും ആക്സിയം 4 വിക്ഷേപണം മാറ്റി

കൂടുതല്‍ സമയം ആവശ്യമെന്ന് നാസ
axiom 4 mission put on hold for 6th time

അനിശ്ചിതത്വം തുടരുന്നു; ആറാം തവണയും ആക്സിയം 4 വിക്ഷേപണം മാറ്റിവച്ചു

Updated on

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം തുടർച്ച‍യായ ആറാം തവണയും മാറ്റിവച്ചു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. എന്നാൽ, പുതിയ തീയതി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രഖ്യാപിച്ചിട്ടില്ല.

ആക്‌സിയം മിഷന്‍-4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കും. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികള്‍ക്കു ശേഷം, ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതൽ സമയം ആവശ്യമാണെന്നും നാസ വാർത്താക്കുറിപ്പിൽ പറയുന്നു.

അമെരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ് - സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം 4. ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്‍റെ ഭാഗമായാണു 39 വയസുകാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശയാത്രയ്ക്ക് കാത്തിരിക്കുന്നത്.

ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ഫാല്‍ക്കണ്‍ 9 ലെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com