
ജി7 ഉച്ചകോടി
ഒട്ടാവ: രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാനെ പൂർണമായും തള്ളി, ഇസ്രയേലിനെ പിന്തുണച്ച് ജി7 ഉച്ചകോടി. മധ്യ പൂർവേഷ്യയിലെ സ്ഥിതിഗതികൾ വഷളാക്കിയത് ഇറാനാണെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ജി7 രാജ്യങ്ങളുടെ പ്രതിനിധികൾ പറഞ്ഞു.
മധ്യപൂർവേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാൻ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ല. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാകണം എന്ന് ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഉച്ചകോടിയിൽ ആവശ്യമുയർന്നു. ഇതിനിടെ ജി-7 ഉച്ചകോടിയിൽ നിന്നും ഒപ്പിടാതെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മടങ്ങി.
വാഷിങ്ടണിൽ അദ്ദേഹത്തിന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം.