

ഈറ്റൻ ലെവി , യൂറിയൽ ബറൂച്ച്,തമീർ നിമ്രോഡി
Courtesy
ടെൽ അവീവ്: തമീർ നിമ്രോഡി, യൂറിയൽ ബറൂച്ച്, ഈറ്റൻ ലെവി എന്നീ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകി ഹമാസ്. ഗാസയിൽ നിന്നുള്ള നാലാമത്തെ മൃതദേഹം ബന്ദിയുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. നിമ്രോഡിയുടെ മൃതദേഹം തിരികെ നൽകിയപ്പോൾ മാത്രമാണ് അദ്ദേഹം തടവിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതുവരെ ഇസ്രയേൽ നിമ്രോഡിയുടെ മരണം സ്ഥിരീകരിച്ചിരുന്നില്ല.
സ്റ്റാഫ് സർജന്‍റ് തമീർ നിമ്രോഡി(18) യൂറിയൽ ബറൂച്ച്(35) ഈറ്റൻ ലെവി(53) എന്നിവരുടെ മൃതദേഹങ്ങൾ തിരികെ നൽകിയതായും ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരിച്ചറിഞ്ഞതായും ഇസ്രയേൽ പ്രതിരോധ സേന റിപ്പോർട്ട് ചെയ്തു. വെടി നിർത്തൽ നിബന്ധനകൾ പ്രകാരം മരിച്ച 28 ബന്ദികളെയും തിരികെ നൽകേണ്ടതാണ്.
വെടിനിർത്തൽ-ബന്ദികളെ മോചിപ്പിക്കൽ കരാറിനെത്തുടർന്ന് കൈമാറിയ നാല് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ 2025 ഒക്ടോബർ 15 ന് ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരുന്നു.
Ahmad Garabli / AFP
ബറൂച്ച്, നിമ്രോഡി, ലെവി കുടുംബങ്ങളുടെയും കൊല്ലപ്പെട്ട എല്ലാ ബന്ദികളുടെയും കുടുംബങ്ങളുടെയും അഗാധ ദു:ഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് മധ്യസ്ഥരോടുള്ള പ്രതിബദ്ധത നിറവേറ്റാനും കരാർ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ശേഷിക്കുന്ന മൃതദേഹങ്ങൾ തിരികെ നൽകാനും ഹമാസ് ബാധ്യസ്ഥരാണെന്നും മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കൊല്ലപ്പെട്ട എല്ലാ ബന്ദികളുടെയും ശരീരങ്ങൾ തിരികെ എത്തിക്കുന്നതു വരെ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിജ്ഞയെടുത്തു. ഈ വർഷം ആദ്യം കൊല്ലപ്പെട്ട ബന്ദിയായ ഷിരി ബിബാസിന്‍റേതെന്ന പേരിൽ ഒരു മൃതദേഹം ഹമാസ് ഇസ്രേയലിനു നൽകി.
എന്നാൽ അത് ഒരു പലസ്തീനിയൻ സ്ത്രീയുടേതാണെന്ന് ഉടൻ തന്നെ തിരിച്ചറിഞ്ഞു. പിന്നീട് ഷിരിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേലിന് ഹമാസ് കൈമാറി. മരിച്ച ബന്ദികളുടെ നാലു മൃതദേഹങ്ങൾ കൂടി ബുധനാഴ്ച ഇസ്രയേലിനു കൈമാറും എന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചതായി മിഡിൽ ഈസ്റ്റേൺ നയതന്ത്രജ്ഞർ ടൈംസ് ഒഫ് ഇസ്രയേലിന് റിപ്പോർട്ട് നൽകി.