ഷാർജ: അന്തർദേശീയ സർക്കാർ കമ്മ്യൂണിക്കേഷൻ ഫോറത്തിന് ഷാർജ എക്സ്പോ സെന്‍ററിൽ തുടക്കമായി. ഷാർജ സർക്കാർ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അബ്ദുള്ള ബിൻ സാലെം ബിൻ സുൽത്താൻ അൽ ഖാസിമി ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 'ചടുലമായ സർക്കാരുകൾ,നൂതനമായ ആശയ വിനിമയം' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
ഫലപ്രദവും സുഗമവുമായ ആശയവിനിമയം സർക്കാർ തലത്തിൽ സാധ്യമാവണമെങ്കിൽ വഴക്കം പരമപ്രധാനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു.'ഞെക്കിയമർത്താൻ മാത്രം മൃദുവാകരുത്, തകരാൻ തക്ക ദൃഢമാകരുത്' എന്നതായിരിക്കണം സമീപനമെന്ന് അദേഹം പറഞ്ഞു.
സാങ്കേതിക മേഖലയിൽ നാം പുരോഗതി നേടിയെങ്കിലും ചില പദങ്ങൾ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളിൽ കൂടുതൽ ആധിപത്യം പുലർത്തുന്നുണ്ട്. ബ്യൂറോക്രസി,നടപടി ക്രമങ്ങൾ, നാളെ വരൂ,സിസ്റ്റം ഡൗൺ ആണ് എന്നിങ്ങനെയുള്ള വാക്കുകളാണ് അവ. നമ്മുടെ മൂല്യങ്ങളിൽ നിന്ന് പ്രചോദനം സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നാം ഭൂതകാലത്തിന്‍റെ തടവറയിലാകരുത്, എന്നാൽ എല്ലാ ആധുനിക സംവിധാനങ്ങളുടെയും പുറകെ പോകണമെന്ന് ശഠിക്കുകയും ചെയ്യരുത്. ഷാർജയിൽ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തണമെന്ന് നിർദേശം നൽകിയിരുന്നു. ഡയറക്റ്റ് ലൈൻ സംവിധാനത്തിലൂടെ റേഡിയോ, ടിവി എന്നിവ വഴി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സാധിച്ചു. സ്വകാര്യത ഉറപ്പുവരുത്തേണ്ട കാര്യങ്ങൾക്കായി പ്രത്യേക ആശയവിനിമയ സംവിധാനമായ മബാറ തുടങ്ങി.
ഷാർജയിലെ പൗരന്മാർക്കുള്ള കടാശ്വാസ കമ്മിറ്റി വഴി 1.150 ബില്യൺ ദിർഹം എഴുതിത്തള്ളിയതായി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി അറിയിച്ചു.സർക്കാർ ആശയവിനിമയം മെച്ചപ്പെടുത്താനുള്ള ഫെഡറൽ സർക്കാരിന്‍റെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
18 വേദികളിലായി 250 വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ,ശിൽപശാലകൾ യുവാക്കൾക്ക് വേണ്ടിയുള്ള പരിശീലന സെഷനുകൾ എന്നിവ ഫോറത്തിന്‍റെ ഭാഗമായി നടക്കും.