
ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീട് ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ഹനിയ്യയുടെ വീടിനു നേരെ ബോംബാക്രമണം നടത്തിയതിന്‍റെ വീഡിയോ ഇസ്രയേൽ പുറത്തുവിട്ടു.
നേരത്തെ രണ്ടുതവണ ഇസ്രയേൽ ഹനിയ്യയുടെ വീടിനു നേരെ ആക്രണണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഹനിയ്യയുടെ വീടിനു നേരെ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് ഇസ്രയേൽ തന്നെ രംഗത്തെത്തിയത്. ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നു.
അതിനിടെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്രയേൽ സൈന്യം ആരംഭിച്ച സൈനിക നടപടിയിൽ വൈറ്റ്ഹൗസ് ആശങ്ക അറിയിച്ചിരുന്നു. സൈന്യം നടത്തുന്ന റെയ്ഡ് ആശപത്രിയിൽ കഴിയുന്ന നിരപരാധികളായ രോഗികളുടെയും അഭയാർഥികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് വൈറ്റ്ഹൗസ് സുരക്ഷാ സമിതി വക്താവ് ജോൺകിർബി പറഞ്ഞു. ആസുപത്രിയിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയതായി ഇസ്രയേൽ അറിയിച്ചു.