
ഇറാനിൽ ഇസ്രയേൽ ആക്രമണം; ഇറാന്‍റെ ഉന്നത സൈനിക മേധാവികൾ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ‍്യോമാക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വിവരം. ഇറാൻ റവല‍്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇറാന്‍റെ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സൂചന.
ഇറാന്‍റെ ആണവോർജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇസ്രയേലിന്‍റെ അവകാശവാദം. യുഎസ് - ഇറാൻ ആണവ ചർച്ച ആരംഭിക്കാനിരിക്കെയാണ് ഇസ്രയേലിന്‍റെ ആക്രമണം. അതേസമയം, അമെരിക്കയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു.
ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഇസ്രയേൽ കഠിന ശിക്ഷ അനുഭവിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ഇറാൻ സ്ഥിരീകരിച്ചു. ഇറാന്‍റെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയതായാണ് നിലവിൽ പുറത്തുവരുന്ന വിവരം.