ജറുസലേം: മിസൈൽ ആക്രമണത്തിനു പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാൻ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. നിലവിൽ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചെറുപരിക്കുകൾ മാത്രമാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഇറാനെതിരേയുള്ള പ്രതിരോധത്തിൽ ഇസ്രയേലിന് പിന്തുണ നൽകാൻ യുഎസ് സൈന്യത്തോട് പ്രസിഡന്‍റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകൾ വെടിവെച്ചിടാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.