ഈ യാത്ര ചരിത്രമാണ്: അമെരിക്കൻ പ്രസിഡന്‍റിന്‍റെ സമാനതകളില്ലാത്ത സന്ദർശനം

രാത്രിയേറെ വൈകിയൊരു തീവണ്ടിയാത്രയ്ക്കായി അമെരിക്കൻ പ്രസിഡന്‍റ് വരുമെന്ന് ആരുടെയും വിദൂരമായ ആലോചനയിൽ പോലും ഉണ്ടാവില്ലല്ലോ
ഈ യാത്ര ചരിത്രമാണ്: അമെരിക്കൻ പ്രസിഡന്‍റിന്‍റെ സമാനതകളില്ലാത്ത സന്ദർശനം

അമെരിക്കയുടെ അധിപനെന്നാൽ അതീവസുരക്ഷയുടെ ആവരണമുള്ള അമരക്കാരൻ എന്ന വിശേഷണം കൂടിയുണ്ട്. സ്വദേശത്തായാലും വിദേശത്തായാലും സർവ സുരക്ഷാസന്നാഹങ്ങളുടെയും അകമ്പടിയിൽ മാത്രമേ ഏത് അമെരിക്കൻ പ്രസിഡന്‍റിനെയും കണ്ടിട്ടുള്ളൂ. സുരക്ഷാവീഴ്ചയുടെ ഒരു പഴുതു പോലും ശേഷിപ്പിക്കാതെയാണ് അമെരിക്കൻ പ്രസിഡന്‍റുമാരുടെ യാത്രകൾ. എന്നാൽ സാധാരണക്കാരനെ പോലെ റെയ്ൽവേ സ്റ്റേഷനിലെത്തി, തീവണ്ടിയിൽ കയറി, പത്തു മണിക്കൂറോളം യാത്ര ചെയ്യുന്ന അമെരിക്കൻ പ്രസിഡന്‍റിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുമോ. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അത്തരമൊരു അപൂർവയാത്ര നടത്തി, സജീവയുദ്ധത്തിന്‍റെ അനുരണനങ്ങൾ അടങ്ങിയിട്ടില്ലാത്ത യുക്രൈനിലേക്ക്.

അമെരിക്കൻ പ്രസിഡന്‍റിന്‍റെ ഒരു പതിവ് ദിവസം. ഞായറാഴ്ച. പ്രാർഥനയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് ജോ ബൈഡൻ ഉറങ്ങാൻ പോകുന്നു. അർധരാത്രിക്കു ശേഷം ആരുമറിയാതെ മെരിലാൻഡിലെ സൈനിക വിമാനത്താവളത്തിലേക്ക്. അവിടെ വളരെ കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരും, മെഡിക്കൽ ടീമും, ഫോട്ടൊഗ്രഫറും രണ്ടു മാധ്യമപ്രവർത്തകരും മാത്രം. യാത്രയുടെ രഹസ്യസ്വഭാവം നിലനിർത്താനായി മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവച്ചിരുന്നു. അവിടെ നിന്നും പ്രത്യേക വിമാനത്തിൽ പോളണ്ടിലേക്ക്.

പോളണ്ടിലെ വിമാനത്താവളത്തിൽ നിന്നും നേരെ റെയ്ൽവേ സ്റ്റേഷനിൽ. അത്തരമൊരു വിവിഐപിയുടെ യാത്രയെക്കുറിച്ചാരും അറിയാതിരിക്കാനായി റെയ്ൽവേ സ്റ്റേഷനിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല. ജോ ബൈഡൻ തീവണ്ടിയിലേക്കു കയറുമ്പോൾ പലരും നോക്കിയെങ്കിലും, തിരിച്ചറിഞ്ഞില്ല. രാത്രിയേറെ വൈകിയൊരു തീവണ്ടിയാത്രയ്ക്കായി അമെരിക്കൻ പ്രസിഡന്‍റ് വരുമെന്ന് ആരുടെയും വിദൂരമായ ആലോചനയിൽ പോലും ഉണ്ടാവില്ലല്ലോ.

വളരെ കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. നാഷണൽ സെക്യൂരിറ്റി അഡ്വൈസറും ഡെപ്യൂട്ട് ചീഫ് ഓഫ് സ്റ്റാഫും ഓവൽ ഓഫീസ് ഓപ്പറേഷൻസ് ഡയറക്‌ടറുമായിരുന്നു ആ സംഘത്തിലെ പ്രമുഖർ. പിന്നീട് പത്തു മണിക്കൂർ യാത്ര ചെയ്ത് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക്. ഒന്നു രണ്ടിടത്തു മാത്രം തീവണ്ടി നിർത്തി. പ്രാദേശികസമയം രാവിലെ എട്ടു മണിക്കു യുക്രൈൻ തലസ്ഥാനമായ കീവിൽ അമെരിക്കൻ പ്രസിഡന്‍റെത്തി.

യുക്രൈനിൽ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്ക്കിയോടൊപ്പം ജോ ബൈഡൻ നിൽക്കുന്ന വീഡിയോയിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങുന്നതു വ്യക്തമായിത്തന്നെ കേൾക്കാം. ഇതാദ്യമായാണ് സജീവ യുദ്ധമേഖലയിൽ ഒരു അമെരിക്കൻ പ്രസിഡന്‍റ് എത്തുന്നത്. ജോ ബൈഡന്‍റെ യുക്രൈൻ സന്ദർശനത്തിന്‍റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല. സാധാരണ പ്രത്യേക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് പ്രസിഡന്‍റ് യാത്ര ചെയ്യാറുള്ളത്. യുക്രൈൻ ട്രെയ്നിൽ കയറിയതോടെ അത് റെയ്ൽഫോഴ്സ് വണ്ണായിരിക്കുന്നുവെന്നു ട്വീറ്റ് ചെയ്തു യുക്രൈനിലെ റെയൽവേ അധികൃതർ.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികം അടുക്കുന്ന സമയത്താണ് അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനമെന്നതും ശ്രദ്ധേയം. ജനാധിപത്യത്തെ സംരക്ഷിക്കാൻ യുക്രൈനൊപ്പം നിൽക്കുന്നുവെന്ന, വൈറ്റ് ഹൗസിൽ നിന്നു പിന്നീടിറങ്ങിയ പത്രക്കുറിപ്പ് പോലും വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. യുക്രൈന് അമെരിക്ക എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്, എല്ലാത്തരത്തിലും ഈ ചരിത്രസന്ദർശനം നൽകുന്ന വ്യക്തവും കൃത്യവുമായ സന്ദേശവുമതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com