
ഇറാന്‍റെ ആണവ ശേഷി നിർവീര്യമാക്കാൻ ഒറ്റയ്ക്കു പ്രവർത്തിക്കും:നെതന്യാഹു
ടെൽ അവീവ്: ഇറാന്‍റെ ആണവ ശേഷി നിർവീര്യമാക്കാൻ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്നും ഇതിനായി ഒറ്റയ്ക്കു പ്രവർത്തിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമെരിക്ക പിന്തുണയ്ക്കുമോ ഇല്ലയോ എന്നത് പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലൊരു അധികാരക്കൈമാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ലെങ്കിലും ഫലത്തിൽ അന്തിമമായി അതു തന്നെ നടക്കാനാണ് സാധ്യത. അധികാര മാറ്റത്തെ കുറിച്ച് ഇറാൻ ജനതയാണ് തീരുമാനം എടുക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമെരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. സൈനിക നടപടിക്കു മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകുമെന്ന സൂചനയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ പുതിയ വിശദീകരണം.
ഇറാന്‍റെ ആണവ പദ്ധതിയിലെ ആണിക്കല്ലായ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഇസ്രയേൽ തകർത്തിരുന്നു. എന്നാൽ ഇറാന്‍റെ രണ്ടാമത്തെ വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫൊർഡോ തകർക്കാൻ അതു പോലെ എളുപ്പമല്ല. ടെഹ്റാനിൽ നിന്നു 95 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ഉള്ള ഖൂം നഗരത്തിനു സമീപത്തെ പർവത മടക്കുകളിലെ പാറയ്ക്കടിയിൽ 300 മീറ്റർ ആഴത്തിൽ തുരന്നുണ്ടാക്കിയ ഫൊർഡോ യ്ക്ക് ഇറാന്‍റെ മാത്രമല്ല റഷ്യയുടെയും ഭൂതല- വ്യോമ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കാവലുണ്ട്. ഇതു തകർക്കാൻ അമെരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾക്കു മാത്രമേ ആകൂ. ഒപ്പംബി-2 വിമാനവും.
ഭൂമിക്കടിയിലേയ്ക്കു തുരന്നിറങ്ങി ഭൗമാന്തർ ഭാഗത്ത് പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ബോംബുകളാണ് ബങ്കർ ബസ്റ്ററുകൾ. യുഎസിന്‍റെ കയ്യിലുള്ള ബങ്കർ ബസ്റ്ററുകളാണ് ജിബിയു-57 എ/ ബി. ബി-2 സ്റ്റെൽത്ത് വിമാനങ്ങളാണ് ഇവയെ ലക്ഷ്യത്തിലെത്തിക്കാൻ യുഎസ് ഉപയോഗിക്കുന്നത്. ഇതു കൊണ്ടാണ് ഇസ്രയേലിനൊപ്പം യുദ്ധത്തിൽ നേരിട്ടിറങ്ങരുത് എന്ന് റഷ്യ അമെരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഈ സന്ദിഗ്ധ ഘട്ടത്തിൽ ഇസ്രയേലിന് ഫോർഡോ യ്ക്കെതിരെ യുദ്ധം ചെയ്യാൻ പുതിയ വഴി തേടിയേ തീരൂ എന്നതിനാലാണ് നെതന്യാഹു ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഇറാന്‍റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് അവകാശപ്പെട്ട ഇസ്രയേൽ കരുതിയത് ഇസ്രേയലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്‍റെ ശേഷി കുറഞ്ഞെന്നായിരുന്നു. എന്നാൽ ആ വിലയിരുത്തൽ തെറ്റാണെന്നു തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ് , റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രേയലി നഗരങ്ങളിൽ ഇറാന്‍റെ മിസൈലുകൾ വീണു. ബേർശേബായിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന ഈ നഗരങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.